എഴുകോൺ : എഴുകോൺ ഗവ. പോളിടെക്‌നിക് വിദ്യാർത്ഥികളായ എസ്.എഫ്.ഐ പ്രവർത്തകർക്ക് നേരേ മുഖം മൂടി ആക്രമണം. എസ്.എഫ്.ഐ നെടുവത്തൂർ ഏരിയ സെക്രട്ടറിയും പി.യു.സിയുമായ എഴുകോൺ ചീരങ്കാവ് ഭരണിക്കാവിൽ വീട്ടിൽ പ്രജിൻ പ്രസാദ് (21), യൂണിറ്റ് അംഗം പരവൂർ പൊഴിക്കര സജീന മൻസിലിൽ മുഹമ്മദ് സാജിദ് (21) എന്നിവർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 3ന് കോളേജിന് മുന്നിലാണ് സംഭവം.
പരിക്കേറ്റവർ മെക്കാനിക്കൽ മൂന്നാം വർഷ വിദ്യാർത്ഥികളാണ്. പ്രജിനും സാജിദും കോളേജിൽ നിന്ന് ഇറങ്ങി വരവെ ബൈക്കുകളിൽ എത്തിയ സംഘം ആക്രമിക്കുകയിരുന്നു. ഇരുവരെയും ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തലയ്ക്കും നടുവിനും ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് സാജിദിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇരുകൈകൾക്കും പരിക്കേറ്റ പ്രജിൻ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
ആക്രമണ ശേഷം പ്രതികൾ കടന്നുകളഞ്ഞു. അക്രമി സംഘത്തിലുണ്ടായിരുന്ന കോളേജിന് സമീപം താമസിക്കുന്ന സനലിനെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്ന് തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് എഴുകോൺ പൊലീസ് പറഞ്ഞു. ഇയാൾ സജീവ ആർ.എസ്.എസ് പ്രവർത്തകനാണെന്നാണ് എസ്.എഫ്.ഐ നേതൃത്വത്തിന്റെ ആരോപണം. ദിവസങ്ങൾക്ക് മുൻപ് കാംപസിൽ ഇരു വിഭാഗങ്ങളും തമ്മിൽ സംഘർഷം നടന്നിരുന്നു. ഇതിന്റെ തുടർച്ചയാണ് ഇന്നലത്തെ ആക്രമണമെന്നാണ് സംശയം.
മന്ത്രി കെ.എൻ.ബാലഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടറിയറ്റംഗം പി.എ.എബ്രഹാം, നെടുവത്തൂർ ഏരിയ സെക്രട്ടറി ജെ.രാമാനുജൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ഓമനക്കുട്ടൻ, എം.പി.മനേക്ഷ, ഡി.വൈ.എഫ്.ഐ ജില്ലാ വൈസ് പ്രസിഡന്റ് എ.അഭിലാഷ്, എസ്.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ് ഷാഹിൻ എന്നിവർ പരിക്കേറ്റവരെ സന്ദർശിച്ചു.