canal

കൊല്ലം: വേനൽ അടുത്തെത്തിയിട്ടും ജില്ലയിലെ കൃഷിയിടങ്ങളെയും ചെറുജലാശയങ്ങളെയും നീരണിയിക്കുന്ന കല്ലട ഇറിഗേഷൻ കനാലിന്റെ നവീകരണം നീളുന്നു. ഫണ്ട് ലഭ്യത കുറഞ്ഞതാണ് സമഗ്ര അറ്റകുറ്റപ്പണികൾക്ക് തടസം.

വർഷംതോറും പേരിന് മാത്രമാണ് അറ്റകുറ്റപ്പണികൾ നടക്കുന്നത്. 2020 വരെ തൊഴിലുറപ്പ് പദ്ധതിയിൽ കനാൽ നവീകരണം ഉൾപ്പെടുത്തിയിരുന്നെങ്കിലും ആവർത്തനസ്വഭാവമുള്ള ജോലിയായതിനാൽ ഒഴിവാക്കി.

ആയിരത്തോളം കിലോമീറ്റർ വരുന്ന കനാലിന്റെ അത്യാവശ്യ അറ്റകുറ്റപ്പണികൾക്ക് മാത്രം കുറഞ്ഞത് 10 കോടി രൂപയെങ്കിലും വേണ്ടിവരും. ഇക്കൊല്ലം ലഭിച്ചത് 4.06 കോടി രൂപയാണ്. കൃത്യമായ അറ്റകുറ്റപ്പണികൾ ഇല്ലാത്തതിനാൽ കനാലിന്റെ പ്രയോജനം പൂർണായി ലഭിക്കുന്നില്ല. ജനുവരി പകുതിയോടെ കനാൽ തുറക്കാനാണ് ഇപ്പോഴത്തെ ആലോചന.

വേനൽ രൂക്ഷമാകുന്ന ആറുമാസം കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ 92 വില്ലേജുകളിൽ വെള്ളം ലഭ്യമാക്കുന്നത് കെ.ഐ.പി കനാൽ വഴിയാണ്. കൃഷിയിടങ്ങളിൽ ജലം ലഭ്യമാക്കുക മാത്രമല്ല, പതിനായിരക്കണക്കിന് കിണറുകളിലും നിരവധി ജലാശയങ്ങളിലും വാട്ടർ അതോറിട്ടിയുടെ അൻപതോളം ജലസേചന പദ്ധതികളിലും കനാൽ വെള്ളം നീരൊഴുക്ക് സൃഷ്ടിക്കുന്നുണ്ട്.

മെയിൻ കനാലിൽ നിന്നുള്ള വെള്ളം സബ് കനാലുകൾ വഴിയും ചാലുകീറിയുമാണ് കൃഷിയിടങ്ങളിലേക്ക് കൊണ്ടുപോകുന്നത്. കനാലുകൾ നവീകരിക്കാത്തതിനാൽ ജലനഷ്ടത്തിന് പുറമേ ഒഴുക്കും തടസപ്പെടും. ജില്ലയിൽ കരുനാഗപ്പള്ളി, കൊല്ലം, പത്തനാപുരം, കൊട്ടാരക്കര, പുനലൂർ താലൂക്കുകളിലെ വേനൽക്കാല കൃഷിയും കുടിവെള്ള വിതരണവും കനാൽ വെള്ളത്തെ ആശ്രയിച്ചാണ്. കനാൽ വെള്ളം ശാസ്താംകോട്ട കായലിലേക്ക് പമ്പ് ചെയ്താണ് കൊല്ലം നഗരം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ കുടിവെള്ളം ഉറപ്പാക്കുന്നത്.

പൊട്ടിപ്പൊളിഞ്ഞ് മാലിന്യ നിക്ഷേപ കേന്ദ്രം

 നവീകരണത്തെ തൊഴിലുറപ്പ് പദ്ധതിയും കൈവിട്ടു

 കനാലുകൾ കാടുകയറി മാലിന്യ നിക്ഷേപ കേന്ദ്രം

 പൊട്ടിപ്പൊളിഞ്ഞതിനാൽ പലയിടത്തും ഒഴുക്ക് നിലച്ചു

 അക്വഡേറ്റുകൾക്കും നടപ്പാലങ്ങൾക്കും ബലക്ഷയം

 വിണ്ടുകീറിയ കനാൽ ഭിത്തികളിലൂടെ ജലനഷ്ടം

സബ് കനാലുകളിലെ ഒഴുക്കും തടസപ്പെട്ടു

അറ്റകുറ്റപ്പണികൾ നടത്തി ബലപ്പെടുത്തിയെങ്കിലേ ജലവിതരണം സുഗമമാകൂ. പദ്ധതിയുടെ സബ് കനാൽ മുഖേനയാണ് ചാത്തന്നൂർ മേഖലയിലെ പാടശേഖരങ്ങളിലും കിണറുകളിലും വെള്ളമെത്തുന്നത്. ക്യത്യസമയത്ത് വെള്ളം തുറന്നു വിടുകയും ചെയ്യണം.

കെ. നടരാജൻ, അസി. സെക്രട്ടറി എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ