photo
തുറയിൽകുന്ന് കുരിശടി ജംഗ്ഷൻ - ത്രികിംഗ്സ് പള്ളി റോഡിന്റെ നവീകരണം പുരോഗമിക്കുന്നു

കരുനാഗപ്പള്ളി: അനന്തമായി നീണ്ടുപോയ തുറയിൽകുന്ന് കുരിശടി ജംഗ്ഷൻ - ത്രികിംഗ്സ് പള്ളി റോഡിലെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു. റോഡിന്റെ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെയാണ് നാട്ടുകാരുടെ ദീർഘനാളായുള്ള ആഗ്രഹം പൂവണിയുന്നത്. യുദ്ധകാലാടിസ്ഥാനത്തിൽ റോഡിന്റെ നവീകരണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് മുൻസിപ്പൽ അധികൃതർ. റോഡിന്റെ ശേച്യാവസ്ഥയെക്കുറിച്ച് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടാണ് അധികൃതരുടെ കണ്ണുതുറപ്പിച്ചത്. 33 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ് പുതുക്കിപ്പണിയുന്നത്. ഇതിൽ 13ലക്ഷം മുൻസിപ്പാലിറ്റിയുടേതും 20 ലക്ഷം റീ ബിൽഡ് കേരളയുടേതുമാണ്.

കുരിശ്ശടി മുതൽ പള്ളിയുടെ മുൻവശം വരെ 250 മീറ്റർ ടാറിംഗും ഇവിടെ നിന്ന് വടക്കോട്ട് കല്ലുംമൂട്ടിൽ തോട് വരെ 120 മീറ്റർ കോൺക്രീറ്റുമാണ് ലക്ഷ്യമാക്കുന്നത്. റോഡിന്റെ തകർന്ന ഭാഗങ്ങൾ ജെ.സി.ബി ഉപയോഗിച്ച് നിരപ്പാക്കുകയും ഓട നിർമ്മാണം ആരംഭിക്കുകയും ചെയ്തു.

വർഷങ്ങളായി റോഡ് തകർച്ചയുടെ വക്കിലായിരുന്നു. ഓടയില്ലാത്തതാണ് തകർച്ചയ്ക്ക് കാരണം. റോഡിന്റെയും ഓടയുടേയും നിർമ്മാണം പൂർത്തിയാകുന്നതോടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെന്ന് ഡിവിഷൻ കൗൺസിലറും നഗരസഭാ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ഇന്ദുലേഖ പറഞ്ഞു.