
കൊല്ലം: ലൈഫ് ഭവന പദ്ധതിയിലുൾപ്പെട്ട് മൂന്ന് വർഷം പിന്നിട്ടിട്ടും വസ്തുവിന്റെ ആധാരം പോലും രജിസ്റ്റർ ചെയ്യാനാകാതെ പെരുവഴിയിലേക്കിറങ്ങേണ്ട അവസ്ഥയിൽ ഒരു കുടുംബം. കൊല്ലം കൊറ്റങ്കര സ്വദേശി സുമയ്ക്കാണ് ഈ ദുരവസ്ഥ.
പഞ്ചായത്ത് ഓഫീസിൽ കയറിയിറങ്ങിയിട്ടും പണം ലഭ്യമാക്കുന്ന കാര്യത്തിൽ നടപടികളൊന്നുമുണ്ടായില്ല. ആധാരം രജിസ്റ്റർ ചെയ്യാൻ കാലതാമസം നേരിട്ടതോടെ നിലവിൽ താമസിക്കുന്നയിടത്തുനിന്ന് ഒഴിയണമെന്ന് സ്ഥലമുടമ ആവശ്യപ്പെടുകയും ചെയ്തു.
ലൈഫ് പദ്ധതിയിൽ ഇടം നേടിയപ്പോൾ സ്ഥലം കണ്ടെത്തി നൽകാൻ പഞ്ചായത്ത് അധികൃതർ നിർദേശിച്ചതിനെ തുടർന്ന് കൊളശേരി മഹാദേവർ ക്ഷേത്രത്തിന് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലം കണ്ടെത്തി. വീട്ടുജോലി ചെയ്ത് സമ്പാദിച്ച 20000 രൂപ അഡ്വാൻസ് നൽകുകയും ബാക്കി തുക പദ്ധതിയുടെ ഭാഗമായി കിട്ടുമ്പോൾ നൽകണമെന്ന് ഉടമ അറിയിക്കുകയും ചെയ്തു. ഈ സ്ഥലത്ത് തകരഷീറ്റിട്ട് മറച്ച ഷെഡിൽ പ്രതിമാസം 1000 രൂപ വാടക നൽകിയാണ് സുമയും ഭർത്താവ് സോമനും രണ്ടുകുട്ടികളും കഴിയുന്നത്.
അടിസ്ഥാന സൗകര്യങ്ങളോ വൈദ്യുതിയോ കുടിവെള്ളമോ ഇവർക്കില്ല. പ്രാഥമികാവശ്യങ്ങൾക്ക് സമീപത്തെ മറ്റൊരു വീടിനെയാണ് ആശ്രയിക്കുന്നത്. മക്കളായ എട്ടാം ക്ലാസുകാരൻ സഞ്ജയ്‌ക്കും മൂന്നാം ക്ലാസുകാരി സാന്ദ്രയ്ക്കും സ്കൂളിൽ നിന്ന് വന്നാൽ പഠിക്കാനുള്ള സൗകര്യം പോലുമില്ല. കൂലിപ്പണിക്കാരനായ സോമന്റെ തുശ്ചമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്.
വാടക വീട് കണ്ടെത്താനും വാടക നൽകാനും തക്ക വരുമാനമില്ലാത്തതിനാലും താമസ സ്ഥലത്ത് നിന്ന് പെരുവഴിയിലേക്കിറങ്ങേണ്ട അവസ്ഥയിലാണ് ഇവർ. കുട്ടികളുമായി എന്ത് ചെയ്യണമെന്നറിയാതെ ലൈഫിൽ കുഴയുകയാണ് ഈ കുടുംബത്തിന്റെ ജീവിതം.
കരഭൂമി അല്ലാത്തതിനാൽ സ്ഥലത്ത് വീടുവയ്ക്കാൻ കഴിയില്ലെന്ന് ആദ്യം തടസവാദം ഉന്നയിച്ചെങ്കിലും പിന്നീട് വസ്തു കരഭൂമിയാക്കി തരം മാറ്റി. എന്നിട്ടും വീട് വയ്ക്കാൻ മറ്റൊരു വസ്തു കണ്ടെത്തണമെന്ന നിലപാടിലാണ് കൊറ്റങ്കര പഞ്ചായത്ത് അധികൃതർ. കുട്ടികളെ കരുതിയെങ്കിലും അനുകൂല നിലപാട് സ്വീകരിക്കണം.
സുമ
ലൈഫ് പദ്ധതിയിലല്ല, പട്ടികജാതി വകുപ്പിന്റെ ഭവന പദ്ധതിയിലാണ് വീട് അനുവദിച്ചത്. ഇത് ലൈഫ് പദ്ധതിയിലേക്ക് മാറ്റുകയായിരുന്നു. ബ്ലോക്ക് പട്ടികജാതി വികസന വകുപ്പിന്റെ കീഴിലാണ് നടപടി ക്രമങ്ങൾ.
കൊറ്റങ്കര പഞ്ചായത്ത് പ്രസിഡന്റ്