 
തഴവ: റേഷൻ കടകൾ വഴി വിതരണത്തിനെത്തുന്ന ഗോതമ്പ് ഭക്ഷ്യയോഗ്യമല്ലെന്ന് ആക്ഷേപം. കരുനാഗപ്പള്ളി പ്രദേശത്ത് കഴിഞ്ഞ ആറ് മാസത്തോളമായി പുഴുവരിച്ച ഗോതമ്പാണ് റേഷൻ കടകളിൽ വിതരണം ചെയ്യുന്നത്. ഒരു ധാന്യമണിക്ക് ഒന്നെന്ന നിലയിൽ ചെറുപ്രാണി
കയറിയ ഗോതമ്പാണ് കടയിലെത്തുന്നതെന്ന് കാർഡ് ഉടമകൾ പറയുന്നു.
ബി.പി.എൽ വിഭാഗത്തിന് ആളൊന്നിന് ഒരു കിലോ, എ. എ. വൈ. വിഭാഗത്തിന് കാർഡിന് നാല് കിലോ എന്ന നിരക്കിലാണ് നിലവിൽഗോതമ്പ് വിതരണം ചെയ്യുന്നത്. ഇതിൽ ദരിദ്ര വിഭാഗത്തിൽപ്പെട്ട ഭൂരിഭാഗവും ഭക്ഷ്യവശ്യത്തിനാണ് ഗോതമ്പ് വാങ്ങുന്നത്.
എഫ്.സി.ഐ ഗോഡൗണുകളിൽ നിന്നെത്തുന്ന പ്രാണികളായതിനാൽ കടയുടമകളും കൈമലർത്തുകയാണ്. ദരിദ്ര വിഭാഗത്തിനായി റേഷൻ കടകളിലെത്തുന്ന ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്തുന്നതിൽ അധികൃതർ കാണിക്കുന്ന അനാസ്ഥയാണ് ഇത് വൃക്തമാക്കുന്നത്.
അകത്തുംപുറത്തും പ്രാണി
കാർഡുടമകൾ റേഷൻ കടയിലെത്തി ഗോതമ്പ് വാങ്ങുന്നതോടെ ദുരിതം തുടങ്ങുകയാണ്. ഗോതമ്പ് സഞ്ചിയുടെ അകത്തും പുറത്തും അനിയന്ത്രിതമായി പറ്റിപ്പിടിച്ചിരിക്കുന്ന ഊറാൻ (ചെറുപ്രാണികൾ) കാരണം ഇരുചക്രവാഹനത്തിലോ ഓട്ടോറിക്ഷയിലോ കയറ്റാൻ പറ്റാത്ത സ്ഥതിയാണ്.
തലയിലും വസ്ത്രത്തിലും പ്രാണികൾ കയറി നിറയുമെന്നതിനാൽ ചുമന്ന് കൊണ്ടു പോകാനും കഴിയില്ല. ഏതെങ്കിലും തരത്തിൽ വീട്ടിലെത്തിച്ചാൽ തന്നെ പ്രാണികൾ രാത്രിയിൽ ആവിടമാകെ പറന്നു നടന്ന് ശല്യം ചെയ്യുമെന്നും ഗ്രാമവാസികൾ പറയുന്നു.