 
കരുനാഗപ്പള്ളി : സംസ്ഥാന ലൈബ്രറി കൗൺസിലിന്റെ ജനചേതന യാത്രയുടെ പ്രചരണാർത്ഥം താലൂക്ക് ലൈബ്രറി കൗൺസിൽ കരുനാഗപ്പള്ളി താലൂക്കിൽ സംഘടിപ്പിച്ച വിവിധ മേഖലാജാഥകൾ സമാപിച്ചു. കരുനാഗപ്പള്ളി മുനിസിപ്പൽ നേതൃസമിതിയുടെ നേതൃത്വത്തിൽ നടന്ന ജാഥ ആലുംകടവ് ബോധോദയം ഗ്രന്ഥശാലയിൽ നഗരസഭ ചെയർമാൻ കോട്ടയിൽ രാജു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബി.ആനന്ദൻ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്രി അംഗം വി.പി.ജയപ്രകാശ് മേനോൻ, പി.ദീപു, എം. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജാഥാക്യാപ്റ്റൻ എ.സജീവ്, മാനേജർ ടി.എം.ആൾഡ്രിൻ, ജാഥാഅംഗങ്ങളായ വിജയമ്മലാലി, ഡോ.ജാസ്മിൻ, ജി. സുന്ദരേശൻ, എൻ. ഉത്തമൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. ലാലാജി ഗ്രന്ഥശാലയിൽ നടന്ന സമാപന സമ്മേളനം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ. പി.ബി.ശിവൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ.കെ ആർ. നീലകണ്ഠപിള്ള അദ്ധ്യക്ഷനായി. ആലപ്പാട് പഞ്ചായത്ത് മേഖലാജാഥ അഴീക്കൽ ആനന്ദരാജൻ ഗ്രന്ഥശാലയിൽ നിന്ന് ആരംഭിച്ച ജാഥ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു.ഉല്ലാസും സമാപന സമ്മേളനം പ്രബോധിനി ഗ്രന്ഥശാലയിൽ ഡോ.വള്ളിക്കാവ് മോഹൻദാസും ഉദ്ഘാടനം ചെയ്തു.
ക്ലാപ്പന പഞ്ചായത്ത് തല മേഖലാജാഥ ഇ.എം.എസ് ഗ്രന്ഥശാലയിൽ ലൈബ്രറി കൗൺസിൽ താലൂക്ക് ജോയിന്റ് സെക്രട്ടറി പി.കെ. ഗോപാലകൃഷ്ണനും ആലുംപീടികയിൽ ചേർന്ന സമാപന സമ്മേളനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോളും ഉദ്ഘാടനം ചെയ്തു. കുലശേഖരപുരത്തെ മേഖലാജാഥ വള്ളിക്കാവ് സംസ്കാര സന്ദായിനി ഗ്രന്ഥശാലയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, വവ്വാക്കാവ് യൗവനയിൽ സംഘടിപ്പിച്ച സമാപന സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം എന്നിവർ ഉദ്ഘാടനം ചെയ്തു.