
കൊല്ലം: വർഷങ്ങളായി അടഞ്ഞുകിടന്ന ചിന്നക്കടയിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് ഉടൻ തുറക്കും. സ്വകാര്യ സ്ഥാപനത്തിന്റെ സഹായത്തോടെ പുനരുദ്ധരിച്ചാണ് കൗണ്ടർ പ്രവർത്തനക്ഷമമാക്കുന്നത്. അടുത്തയാഴ്ച പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ.
ഉപയോഗിക്കാതെ കിടന്ന കമ്പ്യൂട്ടറിന്റെ തകരാറും പരിഹരിക്കേണ്ടതുണ്ട്. മൂന്ന് ട്രാഫിക് വാർഡൻമാരെയും ഉടൻ നിയമിക്കും. പൊലീസിന്റെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. പ്രീ പെയ്ഡ് ഓട്ടോ സ്റ്റാൻഡുകൾ പ്രവർത്തിക്കാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി നിരവധി തവണ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനിടയിൽ ജനകീയ ഉപഭോക്തൃ സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് കിളികൊല്ലൂർ തുളസി താലൂക്ക് ലീഗൽ സർവീസ് അതോറിറ്റിയിൽ കളക്ടർ, കമ്മിഷണർ, കോർപ്പറേഷൻ സെക്രട്ടറി, റെയിൽവേ സ്റ്റേഷൻ മാനേജർ, ആർ.ടി.ഒ എന്നിവരെ എതിർകക്ഷികളാക്കി കേസ് ഫയൽ ചെയ്തു. ലീഗൽ സർവീസ് അതോറിറ്റി കർശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രീ പെയ്ഡ് കൗണ്ടറുകൾ തുറക്കാനുള്ള ഇടപെടൽ സജീവമായത്.
റെയിൽവേ സ്റ്റേഷനിൽ മെല്ലെപ്പോക്ക്
റെയിൽവേ സ്റ്റേഷനിലെ ഓട്ടോ സ്റ്റാൻഡ് പ്രവർത്തിപ്പിക്കാനുള്ള നടപടികൾ വൈകുകയാണ്. കൗണ്ടർ തുറക്കാത്തത് മൂലമുള്ള ബുദ്ധിമുട്ടുകൾ കേരളകൗമുദി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഇടപെടലുണ്ടായി. നഗരസഭ, പൊലീസ് അധികൃതരെ വിളിപ്പിച്ച് അതോറിറ്റി വിശദീകരണവും തേടിയിരുന്നു. കൗണ്ടർ തുറക്കാൻ 45 ദിവസത്തെ സാവകാശം വേണമെന്നായിരുന്നു നഗരസഭയുടെ ആവശ്യം. അതോറിറ്റി ആവശ്യം അംഗീകരിക്കുകയും നടപടി പുരോഗതി 15 ദിവസത്തിനകം അറിയിക്കണമെന്നും നിർദേശിക്കുകയായിരുന്നു.
റെയിൽവേ സ്റ്റേഷനിൽ അനക്കമില്ല
റെയിൽവേ സ്റ്റേഷനിലെ പ്രീ പെയ്ഡ് കൗണ്ടർ അരംഭിക്കുന്നതിന്റെ നടപടികൾ ഇപ്പോഴും ഇഴയുകയാണ്. പ്രീ പെയ്ഡ് കൗണ്ടർ അടഞ്ഞതോടെ ട്രെയിനിലെത്തുന്ന യാത്രക്കാരിൽ നിന്ന് ഓട്ടോറിക്ഷക്കാർ അന്യായ കൂലി ഇടാക്കുന്നുവെന്ന പരാതി ശക്തമാണ്. കോർപ്പറേഷനാണ് ഇവിടെ കൗണ്ടർ പ്രവർത്തിപ്പിക്കാനുള്ള അടിസ്ഥാന സൗകര്യം സജ്ജമാക്കേണ്ടി നൽകേണ്ടത്.
കൗണ്ടർ നിലച്ചപ്പോൾ വൻ കൊള്ള
യാത്രക്കാർക്ക് ചൂഷണത്തിന് വിധേയരാകാതെ യാത്ര ചെയ്യാമെന്നതായിരുന്നു പ്രീപെയ്ഡ് സ്റ്റാൻഡുകളുടെ പ്രത്യേകത. മാത്രമല്ല, സ്ത്രീകൾ ഉൾപ്പെടെ യാത്രക്കാർക്ക് സുരക്ഷിതമായി യാത്ര ചെയ്യാനും സാഹചര്യം ഒരുങ്ങിയിരുന്നു. രാത്രി കാലങ്ങളിൽ ബസിലും ട്രെയിനിലും വന്നിറങ്ങുന്നവർക്ക് ഏറെ സഹായകരമായിരുന്നു ഓട്ടോ സ്റ്റാൻഡ്.
പ്രീപെയ്ഡ് സ്റ്റാൻഡ് പുനഃസ്ഥാപിക്കുന്നതിൽ ഓട്ടോറിക്ഷാ തൊഴിലാളി യൂണിയനുകൾക്ക് വലിയ താത്പര്യമില്ല. റെയിൽവേ സ്റ്റേഷനിലെ സ്റ്റാൻഡ് കൂടി തുറക്കാൻ നടപടി വേണം.
സ്ഥിരം യാത്രക്കാർ