കൊല്ലം: തൊണ്ണൂറ് ശതമാനത്തിലേറെ ദുർബലവിഭാത്തിൽപ്പെട്ട സ്ത്രീ തൊഴിലാളികൾ പണിയെടുക്കുന്ന വ്യവസായമെന്ന നിലയിൽ കശുഅണ്ടി മേഖലയ്ക്ക് പ്രത്യേക പരിഗണന നൽകി പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് എൻ.കെ.പ്രേമചന്ദ്രൻ എം.പി കേന്ദ്ര മന്ത്രി നിർമ്മല സീതാരാമനെ നേരിൽ കണ്ട് നിവേദനം നൽകി.വ്യവസായത്തിന്റെ പ്രതിസന്ധി നേരിൽ മനസിലാക്കാൻ കൊല്ലം സന്ദർശിക്കണമെന്നും പ്രേമചന്ദ്രൻ മന്ത്രിയോട് ആവശ്യപ്പെട്ടു. ഭൂരിപക്ഷം വരുന്ന കശുഅണ്ടി ഫാക്ടറികളും പൂട്ടിക്കിടക്കുന്നതിനാൽ തൊഴിൽ നഷ്ടപ്പെട്ട ദുർബല വിഭാഗത്തിൽപ്പെട്ട തൊഴിലാളികൾക്ക് ഇ.എസ്.ഐ ആനുകൂല്യവും ലഭിക്കുന്നില്ല. സർഫാസി നിയമം ഉപയോഗിച്ച് തൊഴിൽശാലകളും വ്യവസായികളുടെ കിടപ്പാടവും കൈയടക്കാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. കശുഅണ്ടി വ്യവസായത്തെ സംരക്ഷിക്കുന്ന നിലപാട് ബാങ്കുകൾ സ്വീകരിക്കണം. ബാങ്ക് വായ്പ കുടിശ്ശിക തവണകളായി അടച്ചു തീർക്കുവാനും ക്രമീകരിക്കുവാനും സമയം അനുവദിക്കണം. കശുഅണ്ടി ഫാക്ടറികൾ പ്രവർത്തിപ്പിക്കാനും തൊഴിലാളി ക്ഷേമം ഉറപ്പാക്കാനും സമഗ്ര പാക്കേജ് അനിവാര്യമാണെന്നും പ്രേമചന്ദ്രൻ ചർച്ചയിൽ പറഞ്ഞു.