കൊല്ലം: ഗുരുധർമ്മ പ്രചരണസഭ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശക്തികുളങ്ങര ഗുരുമന്ദിരം ജംഗ്ഷനിൽ സംഘടിപ്പിച്ച ശിവഗിരി തീർത്ഥാടന ജില്ലാതല സമ്മേളനം കേരളകൗമുദി കൊല്ലം യൂണിറ്റ് ചീഫും റസിഡന്റ് എഡിറ്ററുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
സഭ ജില്ലാ പ്രസിഡന്റ് സുബാഷ് കൈതക്കുന്നേൽ അദ്ധ്യക്ഷനായി. ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സഭ കോ- ഓഡിനേറ്റർ പുത്തൂർ ശോഭനൻ തീർത്ഥാടന സന്ദേശം നൽകി. കോർപ്പറേഷൻ കൗൺസിലർ രാജു നീലകണ്ഠൻ, സഭ ജോ. രജിസ്ട്രാർ സി.ടി.അജയകുമാർ, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ പ്രസിഡന്റ് വിമല ഫിലിപ്പ്, കേന്ദ്ര സമിതി അംഗം തെക്കുംഭാഗം വിശ്വംഭരൻ, ജില്ലാ ട്രഷറർ ജ്യോതിഷ് അനിൽ എന്നിവർ ആശംസ നേർന്നു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് ശ്രീനാരായണ ധർമ്മ പുരസ്കാരം സമ്മാനിച്ചു. 63-ാം വയസിൽ ബൈക്കിൽ ഭാരതപര്യടനം നടത്തിയ പീറ്റർ എഡ്വിൻ, ജീവകാരുണ്യ പ്രവർത്തകൻ ഗണേശ്, മുതിർന്ന സഭ അംഗങ്ങളായ തെക്കുംഭാഗം വിശ്വംഭരൻ, കുളത്തൂപ്പുഴ രാമകൃഷ്ണൻ, വാസുദേവൻ, സഭ കേന്ദ്ര ഉപദേശക സമിതി അംഗം പിറവന്തൂർ രാജൻ, വിളക്കുപാറ സുദർശനൻ, കമലാസനൻ, ശശിധരൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. സഭ ജില്ലാ സെക്രട്ടറി അഡ്വ. എൻ.ബി.ചന്ദ്രമോഹൻ സ്വാഗതവും ജില്ലാ ജോ. സെക്രട്ടറി എൻ.മഹേശ്വരൻ നന്ദിയും പറഞ്ഞു.