പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയെയും കല്ലട ഇറിഗേഷന്റെ നിയന്ത്രണത്തിലുള്ള ഇടമൺ ഉദയഗിരി കനാൽ റോഡിനെയും ബന്ധിപ്പിക്കുന്ന സമാന്തരപാത അപകടക്കെണിയായിട്ട് വർഷങ്ങളായി.
ദേശീയ പാതയിലെ ഇടമൺ 34 ജംഗ്ഷനെയും അയത്തിൽ, ഉദയഗിരി ഭാഗങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു കിലോമീറ്ററോളം വരുന്ന റോഡിലെ വലിയ കയറ്റവും കുത്തിറക്കവുമാണ് അപകടക്കെണിയായിരിക്കുന്നത്.
ഇടമൺ അയത്തിൽ, ഉദയഗിരി, 17ാംബ്ലോക്ക് ഭാഗങ്ങളിൽ നിന്ന് സമാന്തര പാത വഴി ദേശീയ പാതയിലെ ഇടമൺ 34 ജംഗ്ഷനിലെത്തുന്ന വലിയ കയറ്റമാണ് അപകടം ക്ഷണിച്ചുവരുത്തുന്നത്. ദേശീയ പാതയിലെ ഇടമൺ 34ലിലൂടെ അമിത വേഗതയിൽ വാഹനങ്ങൾ കടന്ന് പോകുമ്പാൾ, സമാന്തര പാതയിലെ വലിയ കയറ്റം കയറി പ്രധാന പാതയിലെത്തുന്ന വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുമോ എന്ന ഭയമാണ് നാട്ടുകാരെ വലയ്ക്കുന്നത്.
വലിയ കയറ്റം കാരണം ദേശീയ പാതയിലെ ഇരുഭാഗങ്ങളിൽ നിന്ന് വരുന്ന വാഹനങ്ങൾക്ക് പരസ്പരം കാണാൻ കഴിയില്ലെന്നതാണ് ഇവിടത്തെ പ്രശ്നം.
കയറ്റം കഠിനം
അയത്തിൽ, ഉദയഗിരി, 17ാംബ്ലോക്ക്, ഉദയഗിരി 4സെന്റ് കോളനി, ആനപെട്ടകോങ്കൽ തുടങ്ങിയ നിരവധി പ്രദേശങ്ങളിൽ നിന്നുളള നൂറ്കണക്കിന് വാഹനങ്ങളും കാൽ നടക്കാരുമാണ് സമാന്തര പാതയിലൂടെ ദേശീയ പാതയിലെ ഇടമൺ 34 ജംഗ്ഷനിൽ എത്തിച്ചേരുന്നത്. എന്നാൽ, സമാന്തര പാത വഴി ദേശീയ പാതയിലെ ഇടമൺ 34ജംഗ്ഷനിലെത്തുന്ന ഇരു ചക്ര വാഹനയാത്രക്കാരിൽ അധികവും വലിയ കയറ്റത്തിൽ അപകടം പിണയുമോ എന്ന ഭയത്തിൽ വാഹനം താഴെ പാർക്ക് ചെയ്ത ശേഷം കാൽ നടയായി കയറ്റം കയറുകയാണ് പതിവ്.
മനസുവച്ചാൽ ആശങ്കഅകലും
സമാന്തരപാതയുടെ നിയന്ത്രണം ജില്ലാപഞ്ചായത്തിനാണ്. സമന്തര പാതയിൽ നിന്ന് ഇടമൺ34ലേയ്ക്കുള്ള കയറ്റത്തിന്റെ കാഠിന്യം കുറച്ചാൽ വാഹനങ്ങൾക്ക് ആശങ്കയില്ലാതെ ദേശീയ പാതയിലെത്താൻ കഴിയും. എന്നാൽ, പത്ത് വർഷത്തോളമായി സമാന്തര പാതയിൽ വികസനപ്രവർത്തനങ്ങൾ നടന്നിട്ട്. അടുത്ത തവണയെങ്കിലും കയറ്റത്തിന്റെ കാഠിന്യം കുറച്ചാൽ വാഹനങ്ങൾക്ക് ആശങ്കയില്ലാതെ പ്രാധനപാതയിൽ പ്രവേശിക്കാൻ കഴിയും. അധികൃതർ അതിനുള്ള മനസ് കാണിക്കണമെന്ന് മാത്രം.
...............................................................................................................................
അയത്തിൽ, ഉദയഗിരി പ്രദേശങ്ങളിൽ നിന്ന് തുടങ്ങി ദേശീയ പാതയിലെത്തുന്ന സമാന്തര റോഡിലെ കുറ്റൻ കയറ്റത്തിന്റെ കാഠിന്യംകുറയ്ക്കാൻ ജില്ല പഞ്ചായത്ത് അടിയന്തര നടപടി സ്വീകരിക്കണം. ഇടമൺ 34ലേക്ക് കയറുന്ന ഭാഗത്ത് മണ്ണിട്ട് റോഡ് ഉയർത്തിയാൽ അതിന് കഴിയും. ഇതിലൂടെ വാഹനയാത്രക്കാരുടെ ആശങ്ക ഒഴിവാക്കാനും കഴിയും
സന്തോഷ് ഉറുകുന്ന്, പൊതുപ്രവർത്തകൻ