കൊല്ലം: പെൻഷൻകാർക്ക് ലഭിക്കാനുള്ള നാലു ഗഡു ഡി.എ കുടിശിക അടിയന്തരമായി അനുവദിക്കണമെന്ന് കേരള പൊലീസ് പെൻഷണേഴ്സ് അസോസിയേഷൻ (കെ.പി.പി.എ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
യു.ഡി.എഫ് സർക്കാർ നടപ്പാക്കിയ പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുനസ്ഥാപിക്കണമെന്നും റെയിൽവേ യാത്രയ്ക്ക് മുതിർന്ന പൗരന്മാർക്കുള്ള യാത്ര ഇളവ് പുനസ്ഥാപിക്കണമെന്നും പ്രമേയത്തിൽ ആവശ്യപ്പെട്ടു.
പ്രതിനിധി സമ്മേളനം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.പി.പി.എ പ്രസിഡന്റ് എ.കെ.വേണുഗോപാൽ അദ്ധ്യക്ഷനായി. എ.റഷീദ് അനുസ്മരണ പ്രമേയം അവതരിപ്പിച്ചു. റിട്ട. ഡി.ജി.പി എ.ഹേമചന്ദ്രൻ, കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ.ഷിനോദാസ്, കെ.പി.പി.എ സെക്രട്ടറി പി.ജി.വേണുഗോപാൽ, ട്രഷറർ കെ.ടി.സെയ്ദ്, പ്രമേയ കമ്മിറ്റി ചെയർമാൻ കെ.ഭാസ്കരൻ, സ്വാഗതസംഘം ചെയർമാൻ ജെ.ഉദയകുമാർ എന്നിവർ സംസാരിച്ചു. കൊല്ലം റൂറൽ പൊലീസ് സൂപ്രണ്ട് എം.എൽ.സുനിൽ, കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ, കെ.പി.ഒ.എ സെക്രട്ടറി സി.ആർ.ബിജു, സ്വാഗതസംഘം സെക്രട്ടറി സി.ഡി.സുരേഷ് കുമാർ എന്നിവർ പങ്കെടുത്തു. പുനലൂർ എസ്.ഐയായിരുന്ന പി.ജി.നാടാർ രചിച്ച ഭാരതീയ ദേഹാഭ്യാസ ശാസ്ത്രം എന്ന പുസ്തകത്തിന്റെ പുനഃപ്രകാശനം റിട്ട. എസ്.പി എ.കെ.വേണുഗോപാൽ സി.ആർ.ബിജുവിന് നൽകി നിർവഹിച്ചു. സംഘടനാ അംഗങ്ങളായ പട്ടാഴി പഞ്ചായത്ത് പ്രസിഡന്റ് കെ.അശോകൻ, ചെറുകഥാ കൃത്ത് ഓമനക്കുട്ടൻ, ലൈഫ് പദ്ധതിയിൽ വീട് നിർമ്മിക്കാൻ സ്ഥലം വിട്ടുനൽകിയ കെ.ജെ.സിദ്ദിക്, ബിനോയ്, രാജേന്ദ്രൻ പിള്ള, കർഷക അവാർഡ് ലഭിച്ച രാജീവ്, സാമൂഹ്യ, കാരുണ്യമേഖലയിലെ പ്രവർത്തനത്തിന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് എ.എസ്.ഐ ശ്രീകുമാർ എന്നിവരെ ആദരിച്ചു.