
കൊല്ലം: സംരക്ഷിത വനമേഖലയ്ക്ക് സമീപമുള്ള ബഫർ സോൺ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ കുളത്തൂപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് പി. അനിൽകുമാർ സർവ്വകക്ഷിയോഗം വിളിച്ചുചേർത്തു. സർക്കാർ പ്രസിദ്ധപ്പെടുത്തിയ ബഫർ സോൺ അടയാളപ്പെടുത്തിയ മാപ്പ് ബിഗ് സ്‌ക്രീനിൽ പ്രദർശിപ്പിച്ചാണ് ചർച്ച.
പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള മാപ്പ് പൊതുജനങ്ങൾക്ക് പരിശോധിക്കാനായി പ്രദർശിപ്പിച്ചിട്ടുണ്ട്. തുടർന്ന് ബഫർ സോണിൽ ഉൾപ്പെട്ടിട്ടുള്ള വാർഡുകളിലെ പ്രദേശങ്ങൾക്കായി ഹെൽപ്പ് ഡെസ്‌ക് രൂപീകരിച്ചു. ബന്ധപ്പെട്ട വാർഡ് മെമ്പർ, വില്ലേജ് ഓഫീസർ, പഞ്ചായത്ത്, ഫോറസ്റ്റ് വകുപ്പുകളിൽ നിന്ന് നിശ്ചയിക്കപ്പെട്ടിട്ടുള്ള ഉദ്യോഗസ്ഥരും വിഷയത്തിൽ വൈദഗ്ദ്ധ്യമുള്ള ഒരാളുമടങ്ങുന്നതാണ് ഓരോ വാർഡിലെയും ഹെൽപ്പ് ഡെസ്‌ക്. ഹെൽപ്പ് ഡെസ്‌കുകളുടെ നേതൃത്വത്തിൽ വാർഡ് തലത്തിൽ ഭൂപടം പ്രദർശിപ്പിച്ച് പൊതുജനങ്ങൾക്ക് വിവരങ്ങൾ ലഭ്യമാക്കും. ബഫർ സോണിൽ ഉൾപ്പെട്ട വീടുകളും സ്ഥാപനങ്ങളും നിശ്ചിത പ്രഫോർമയിൽ ഹെൽപ്പ് ഡെസ്‌കിന് വിവരങ്ങൾ നൽകണം. ഇവ പരിശോധിച്ച് ജിയോ ടാഗ് ചെയ്യും. ഇത്തരത്തിൽ പഞ്ചായത്തിലെ ജനവാസ കേന്ദ്രങ്ങളെ ബഫർസോണിൽ നിന്ന് ഒഴിവാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പി. അനിൽകുമാർ പറഞ്ഞു.