ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനം നിലവിൽ വന്നു
തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ ട്രെയിനുകൾ നിയന്ത്രിക്കുന്നതിന് ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ് സംവിധാനം നിലവിൽ വന്നു. റെയിൽവേ സ്‌റ്റേഷനിൽ പുതിയതായി നിർമ്മിച്ച കെട്ടിടത്തിലാണ് ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ് സംവിധാനം പ്രവർത്തിക്കുന്നത്. സ്റ്റേഷൻ മാസ്റ്ററുടെയും സൂപ്രണ്ടിന്റെയും ഓഫീസ് ഉൾപ്പെടെ പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഓഫീസുകളും പുതിയ കെട്ടിടത്തിലേക്ക് മാറ്റി.
പുതിയ കെട്ടിടം യാഥാർത്ഥ്യമായതോടെ വർഷങ്ങൾ പഴക്കമുള്ള കെട്ടിടം ഇനി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കും. ട്രെയിനുകൾക്ക് സിഗ്നൽ നൽകുന്നത് ഉൾപ്പെടെ എല്ലാ കാര്യങ്ങളും പുതിയ കെട്ടിടത്തിൽ നിന്നാകും നിയന്ത്രിക്കുക. കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്ന ആധുനിക സിഗ്നൽ സംവിധാനങ്ങൾ പുതിയ കെട്ടിടത്തിൽ സജ്ജമാക്കിയിട്ടുണ്ട്.
സ്‌റ്റേഷനിൽ എത്തുന്ന ട്രെയിൻ ഏത് ട്രാക്കിലൂടെ കടത്തിവിടണമെന്നതും, ശാസ്താംകോട്ടയ്ക്കും ഓച്ചിറയ്ക്കും ഇടയിലുള്ള ലെവൽക്രോസുകൾ അടയ്ക്കുന്നതും തുറക്കുന്നതും എന്നിങ്ങനെ എല്ലാ കാര്യങ്ങളും ഇനിമുതൽ കമ്പ്യൂട്ടറിന്റെ സഹായത്തോടെയാകും പ്രവർത്തിക്കുക. നേരത്തെ ഇക്കാര്യങ്ങളെല്ലാം ഉദ്യോഗസ്ഥർ നേരിട്ട് മെക്കാനിക്കൽ സംവിധാനത്തിലൂടെയാണ് നിർവഹിച്ചിരുന്നത്. പുതിയ സംവിധാനം നിലവിൽവന്നതോടെ കരുനാഗപ്പള്ളി സ്റ്റേഷന് ആധുനിക മുഖം കൈവരും. എ.ഡി.ആർ.എം.വിജയകുമാറാണ് ഇലക്ട്രോണിക് ഇന്റർ ലോക്കിംഗ് സംവിധാനം ഉദ്ഘാടനം ചെയ്തത്. എ. എം.ആരിഫ് എം.പി സ്റ്റേഷൻ വികസനം സംബന്ധിച്ച് അധികൃതർക്ക് നേരത്തെ നിവേദനമായി നൽകിയിരുന്നു.