
കൊല്ലം: വൃക്ക രോഗികൾക്ക് ആശ്വാസമായി ജീവനം ഫാർമസിയുമായി ജില്ലാ പഞ്ചായത്ത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വൃക്ക സംബന്ധമായ രോഗങ്ങളുള്ളവർക്ക് സൗജന്യ നിരക്കിൽ ജീവനം ഫാർമസിയിൽ നിന്ന് മരുന്ന് ലഭിക്കും.
ജില്ലാ പഞ്ചായത്താണ് പുതിയ പദ്ധതി ആവിഷ്കരിച്ചത്. ജില്ലാ പഞ്ചായത്ത് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന ഫാർമസി വഴി 53 ഇനം മരുന്നുകളാണ് ലഭിക്കുക. നിലവിൽ സൗജന്യ നിരക്കിലുള്ള മരുന്നിനായി 540 അപേക്ഷകളാണ് ലഭിച്ചിരിക്കുന്നത്. 28ന് വൈകിട്ട് 3ന് മന്ത്രി കെ. രാജൻ ഫാർമസിയുടെ ഉദ്ഘാടനം നിർവഹിക്കും. വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ കഴിഞ്ഞ 53 രോഗികൾക്ക് രണ്ടാഘട്ട ധനസഹായ വിതരണവും ചടങ്ങിൽ നടക്കും.
ഇനിയും അപേക്ഷിക്കാം
സൗജന്യ മരുന്നിനായി ഇനിയും അപേക്ഷ നൽകാം. മരുന്ന്, ജീവനക്കാരുടെ ശമ്പളം എന്നിവയ്ക്കായി പ്രതിമാസം 25 മുതൽ 30 ലക്ഷം രൂപ വരെ ചെലവ് വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയൽ പത്രസമ്മേളനത്തിൽ പറഞ്ഞു. വൈസ് പ്രസിഡിന്റ് വി.സുമാലാൽ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബിനുൻ വാഹിദ്, ജീവനം കിഡ്‌നി വെൽഫെയർ സൊസൈറ്റി എക്സി. കമ്മിറ്റി അംഗം സി.ബാൾഡുവിൻ എന്നിവരും പങ്കെടുത്തു.
കനിവിന്റെ ജീവനം
ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ജില്ലയിലെ വൃക്ക രോഗികളുടെ സമഗ്ര പരിചരണത്തിനായി രൂപീകരിച്ച ജീവനം കിഡ്‌നി വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യമായി കിഡ്‌നി ഡയാലിസിസ്, വൃക്ക മാറ്റിവക്കൽ ധനസഹായം, കുട്ടികളിൽ വൃക്ക രോഗം കൂടിവരുന്ന സാഹചര്യത്തിൽ സ്‌കൂൾ - കോളേജുകൾ കേന്ദ്രീകരിച്ച് മെഡിക്കൽ ക്യാമ്പുകൾ, രോഗബാധ ഉണ്ടാകാതിരിക്കുന്നതിനായി ക്യാമ്പയിനുകൾ, സൗജന്യ ആംബുലൻസ് വാഹന സൗകര്യങ്ങൾ ലഭ്യമാക്കും. ജില്ലാ ആശുപത്രിയിൽ പ്രതിമാസം ശരാശരി 600 ഡയാലിസിസുകളും അഞ്ച് താലൂക്ക് ആശുപത്രികളിലായി 400 ഡയാലിസിസുകളും സൗജന്യമായി നൽകുന്നുണ്ട്. ജില്ലാ ആശുപത്രിയിൽ നിലവിൽ 40 യൂണിറ്റുകളിൽ നാല് ഷിഫ്ടുകളിലായി 40 കിടക്കകളിലാണ് ഡയാലിസിസ് നടന്നുവരുന്നത്. 5 കോടി രൂപയുടെ പ്രത്യേകം പദ്ധതി രൂപീകരിച്ച് 2021 ജനുവരി ഒന്നിന് ശേഷം ജില്ലയിൽ വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ കഴിഞ്ഞ രോഗികൾക്ക് ഒരുലക്ഷം രൂപയുടെ ധനസഹായവും നൽകിവരുന്നു.
പൊതുജനങ്ങൾക്കും സഹായിക്കാം
ജീവനം പദ്ധതിയുടെ മുന്നോട്ടുപോക്കിന് പൊതുജനങ്ങളുടെ പിന്തുണ ആവശ്യമാണ്. സംഭാവന നൽകുന്നവർക്ക് ആദായ നികുതി ഇളവ് ലഭിക്കും. താല്പര്യമുള്ളവർ ജില്ലാ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെടണം.