pond
കൃഷിക്കായി കുളം വെട്ടുന്ന കുലശേഖരപുരത്തെ തൊഴിലുറപ്പ് തൊഴിലാളികൾ

തഴവ: പൊരിവെയിലിലും പതറാത്ത പെൺകരുത്ത് കുളംകുത്തി കരുത്ത് തെളിയിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുലശേഖരപുരം കുറുങ്ങപ്പള്ളി വാർഡിലാണ് ഇരുപത്തിനാല് സ്ത്രീത്തൊഴിലാളികൾ ഉറച്ച മണ്ണിൽ കൃഷിക്കുളം വെട്ടി മാതൃകയായത്. വേനൽക്കാലത്ത് കാർഷിക ആവശ്യത്തിന് ജലസ്രോതസായി ഉപയോഗിക്കാൻ കഴിയുന്ന വിധം തട്ടുകളായി തിരിച്ചാണ് കുളം നിർമ്മിക്കുന്നത്. പതിനഞ്ച് അടി നീളവും ഒമ്പത് അടി വീതിയുമുള്ള കുളത്തിന് ആറടി താഴ്ചയാണ് ആദ്യഘട്ടത്തിൽ നൽകുന്നത്. ഒരു ലക്ഷത്തി മുപ്പത്തി എണ്ണായിരത്തി ഇരുപത് രൂപയാണ് കുളത്തിന്റെ പ്രതീക്ഷിക്കുന്ന നിർമ്മാണ ചെലവ്.

കയർ ഭൂവസ്ത്രം വിരിക്കും

രാമച്ചം നട്ടുപിടിപ്പിക്കും

കുളം വെട്ടിയ ശേഷം തിട്ട സംരക്ഷണത്തിന് കയർ ഭൂവസ്ത്രം വിരിച്ചും മണ്ണൊലിപ്പ് തടയുന്നതിന് വശങ്ങളിൽ രാമച്ചം നട്ടുപിടിപ്പിക്കുകയും ചെയ്യുന്നതോടെയാണ് നിർമ്മാണം പൂർത്തിയാകുന്നത്. പഞ്ചായത്തിലെ ഭൂരിഭാഗം സ്വാഭാവിക ജല സ്രോതസുകളും സമീപകാലത്തായി ഭൂഉടമകൾ നികത്തിയ അവസ്ഥയായാണ്. ഇത് മഴക്കാലത്ത് പെട്ടെന്ന് വെള്ളക്കെട്ടുകൾ രൂപപ്പെടുന്നതിനും വേനലിന്റെ ആരംഭത്തിൽ തന്നെ രൂക്ഷമായ വരൾച്ചയുണ്ടാകുന്നതിനും കാരണമാകുന്നതായി വിദഗ്ദ്ധർ പറയുന്നു.

ഈ വിപരീത സാഹചര്യത്തെ അതിജീവിക്കുന്നതിനായാണ് ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിക്കുളം നിർമ്മാണ പദ്ധതിക്ക് രൂപം നൽകിയത്. കലാദ്ധ്യാപകനായ കൊച്ചാൻതറയിൽ ആർട്ടിസ്റ്റ് വി. അനീഷിന്റെ വീട്ടുവളപ്പിലാണ് കൃഷി ആവശ്യത്തിനായി കുളം കുത്തുന്നത്.

ഗ്രാമപഞ്ചായത്ത് അംഗം രാജിഗോപൻ, സെക്രട്ടറി സി.ജനചന്ദ്രൻ എന്നിവർ മേൽനോട്ടം വഹിക്കുന്നു.