drama

കൊല്ലം: തിരുവല്ല എം.ജി.സോമൻ ഫൗണ്ടേഷൻ സംഘടിപ്പിച്ച പ്രഥമ സംസ്ഥാന തല അമച്വർ നാടകമത്സരത്തിൽ എം.വി.ദേവൻ കലാഗ്രാമത്തിലെ നാടകകലാകാരന്മാർ അവതരിപ്പിച്ച ടാർഗറ്റ് എന്ന നാടകം ഒന്നാം സ്ഥാനം നേടിയതായി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

ടാർഗറ്റിന്റെ സംവിധായകൻ വാട്സൺ വില്ല്യം' മികച്ചസംവിധായകനുള്ള പുരസ്കാരം നേടി. കലാകാരന്മാരെ ജനുവരി 8ന് വൈകിട്ട് 4ന് പള്ളിമൺ എം.വി.ദേവൻ കലാഗ്രാമത്തിൽ ആദരിക്കും. ചടങ്ങിൽ സിനിമ, രാഷ്ട്രീയ, സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. വിദ്യാർത്ഥികൾക്കും മുതിർന്നവർക്കും രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. പ്രമുഖർ ക്യാമ്പുകൾക്ക് നേതൃത്വം നൽകും.

2007ൽ ആരംഭിച്ച കലാഗ്രാമത്തിൽ സാഹിത്യം, സംഗീതം, നൃത്തം, നാടകം, കഥാപ്രസംഗം, സിനിമ, ശില്പകല, ചിത്രകല, വാദ്യോപകരണങ്ങൾ എന്നിങ്ങനെ 9 വിഭാഗങ്ങളും അതിന്റെ പരിശീലനങ്ങളും അവതരണങ്ങളും നടക്കുന്നു. സാഹിത്യചർച്ചകൾ, സെമിനാറുകൾ, ശില്പശാലകൾ, പുസ്തകപ്രകാശനം, സംവാദങ്ങൾ വിവിധ കലാപരിപാടികളുടെ അവതണങ്ങൾ എന്നിവ സംഘടിപ്പിച്ചുവരുന്നു. ഈ അവധിക്കാലത്ത് കഥാപ്രസംഗ ശില്പശാല, നാടകക്കളരി, ചലച്ചിത്ര പഠനക്യാമ്പ്, സംഗീതം- നൃത്തം - വാദ്യോപകരണങ്ങൾ എന്നിവയുടെ പരിശീലനങ്ങളും കലാഗ്രാമത്തിൽ സംഘടിപ്പിക്കുന്നുണ്ട്.

ഫൗണ്ടേഷൻ ചെയർമാൻ സുരേഷ് സിദ്ധാർത്ഥ, എം.വി.ദേവൻ കലാഗ്രാമം പ്രസിഡന്റ് അനിൽ കുമാർ, സെക്രട്ടറി രാജീവ് നരിക്കൽ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു. ഫോൺ: 9562095670, 9947008323, 7012450684.