പദയാത്ര 28ന് തെന്മലയിൽ നിന്ന് ആരംഭിക്കും
പുനലൂർ: എസ്.എൻ.ഡി.പിയോഗം പുനലൂർ യൂണിയന്റെ നേതൃത്വത്തിൽ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ക്യാപ്റ്റനായ 4ാമത് ശിവഗിരി തീർത്ഥാടന പദയാത്രയുടെ ഒരുക്കങ്ങൾ പൂർത്തിയായി. യൂണിയൻ അതിർത്തിയിലെ 67 ശാഖയോഗങ്ങളിലെ ഗുരുക്ഷേത്രങ്ങളും,പാതയോരങ്ങളും പീത പതാകകൾ കൊണ്ട് അലങ്കരിക്കുകയും, പുനലൂർ-തെന്മല, പുനലൂർ-ആയൂർ റൂട്ടുകളിൽ കൂറ്റൻ കമാനങ്ങൾ ഉയരുകയും ചെയ്തതോടെ തീർത്ഥാടകർ ആവേശഭരിതരായി. 28ന് രാവിലെ 7ന് തെന്മലയിൽ ചേരുന്ന യോഗത്തിൽ പി.എസ്.സപാൽ എം.എൽ.എ പദയാത്ര ഉദ്ഘാടനം ചെയ്യും. തുടർന്ന് യൂണിയൻ പ്രസിഡൻറും, പദയാത്ര ക്യാപ്റ്റനുമായ ടി.കെ.സുന്ദരേശന് എം.എൽ.എ പീത പതാക കൈമാറുന്നതോടെ നാല് ദിവസം നീണ്ട് നിൽക്കുന്ന ശിവഗിരി തീർത്ഥാടന പദയാത്രക്ക് തുടക്കമാകും. ഉദ്ഘാടന ചടങ്ങിൽ യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് അദ്ധ്യക്ഷത വഹിക്കും. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ ആമുഖ പ്രസംഗം നടത്തും.തെന്മല ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കെ.ശശിധരൻ, ഉറുകുന്ന് സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് വി.എസ്.മണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജി.നാഗരാജൻ, ഷീബ രാജശേഖരൻ തുടങ്ങിയവർ സംസാരിക്കും. പ്രീത സജീവ് ഗുരുസ്മരണയും യോഗം ഡയറക്ടർ ജി.ബൈജു സ്വാഗതവും യൂണിയൻ വൈസ് പ്രസിഡൻറ് ഏ.ജെ.പ്രദീപ് നന്ദിയും പറയും. തെന്മലയിൽ നിന്നും നിരവധി ശാഖകളുടെ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയ ശേഷം പീതാംബരധാരികളായ 1000ത്തോളം ശ്രീനാരായണീയരുടെ അകമ്പടിയോടെ രഥത്തിൽ ഗുരുദേവ വിഗ്രഹവും വഹിച്ചു കൊണ്ടുളള പദയാത്ര പ്രയാണമാരംഭിച്ച് തെന്മല ഗുരുദേവ ക്ഷേത്രം(പ്രഭാത ഭക്ഷണം),ഒറ്റക്കൽ ലുക്കൗട്ട്, ഉറുകുന്ന് ഗുരുക്ഷേത്രം, ഇടമൺ പവർഹൗസ് ജംഗ്ഷൻ, ഇടമൺ 34 ഗുരുക്ഷേത്രം തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം ഉച്ചക്ക് 12.30ന് ഇടമൺ എ.പി.എസ്ജംഗ്ഷന് സമീപം ഉച്ചഭക്ഷണവും വിശ്രമവും നടക്കും. തുടർന്ന്ഉച്ചക്ക് 2ന് ആരംഭിക്കുന്ന പദയാത്ര ഇടമൺ സത്രം ജംഗ്ഷനിലെ ഗുരുക്ഷേത്രം,വെളളിമല, പ്ലാച്ചേരി,കലയനാട് ഗുരുക്ഷേത്രം,വാളക്കോട് എൻ.എസ്.വി ജംഗ്ഷൻ,പുനലൂർ ടി.വി.ജംഗ്ഷൻ തുടങ്ങിയ നിരവധി കേന്ദ്രങ്ങളിലെ ശാഖ ഭാരവാഹികൾ നൽകുന്ന സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ശേഷം വൈകിട്ട് 6.30ന് പുനലൂരിലെ യൂണിയൻ ആസ്ഥന മന്ദിരത്തിൽ പദയാത്ര സമാപിക്കും. 29ന് രാവിലെ 7ന് യൂണിയൻ ആസ്ഥാനത്ത് നിന്ന് പുറപ്പെടുന്ന പദയാത്രക്ക് പുനലൂർ ടൗൺ ഗുരുക്ഷേത്രം,അടുക്കളമൂല, ചുടുകട്ട ഗുരുക്ഷേത്രം,കരവാളൂർ,മാവിള,കൊച്ചുകുരുവിക്കോണം, അഗസ്ത്യക്കോട് ,അഞ്ചൽ മാർക്കറ്റ് ജംഗ്ഷൻ,പനച്ചിവിള ജംഗ്ഷൻ, കൈപ്പള്ളി മുക്ക് തുടങ്ങിയ കേന്ദ്രങ്ങളിലെ ശ്രീനാരായണിയരും,ശാഖ ഭാരവാഹികളും നൽകുന്ന സ്വീകരണങ്ങൾ ഏറ്റ് വാങ്ങിയ ഉച്ചക്ക് 1.30ന് ഉച്ചഭക്ഷണത്തിനായി ആയൂർ ശാഖയിലെ ഐശ്വര്യ ഓഡിറ്റോറിയത്തിൽ എത്തിച്ചേരും. ഉച്ചഭക്ഷണത്തിന് ശേഷം വൈകിട്ട് 4ന് പുറപ്പെടുന്ന പദയാത്ര വിവിധ കേന്ദ്രങ്ങളിൽ വരവേൽപ്പിന് ശേഷം വൈകിട്ട് 6.30ന് പോരേടം ശ്രീമഹദേവ ക്ഷേത്രത്തിൽ അന്ന് സമാപിക്കും.30ന് രാവിലെ 6.30ന് പുറപ്പെടുന്ന പദയാത്ര രാവിലെ 8ന് പളളിക്കൽ,കാട്ടുപുതുശേരി, നാവായിക്കുളം, കല്ലമ്പലം വഴി വൈകിട്ട് 6ന് ശിവഗിരി മഹാസമാധിയിൽ സമാപിക്കും.31ന് പുലർച്ചെ 4.30ന് ശിവഗിരി മഠത്തിൻെറ നേതൃത്വത്തിൽ നടക്കുന്ന മഹാഘോഷയാത്രയിൽ പദയാത്രികർ പങ്കെടുത്ത ശേഷം തിരികെ മടങ്ങും. 28ന് രാവിലെ 7ന് തെന്മലയിൽ നിന്ന് ആരംഭിക്കുന്ന പദയാത്രയുടെ ഉദ്ഘാടനം യോഗത്തിൽ യൂണിയൻ അതിർത്തിയിലെ എല്ലാ ശാഖയോഗങ്ങളിൽ നിന്നുളള ശ്രീനാരായണീയരും,ശാഖ ഭാരവാഹികളും പങ്കെടുക്കണമെന്ന് യൂണിയൻ പ്രസിഡൻറ് ടി.കെ.സുന്ദരേശൻ, യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ് എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ആർ.ഹരിദാസ്,
( 9400421490) വനജ വിദ്യാധരൻ(8921491331), എ.ജെ.പ്രദീപ്(9447332809), എസ്.സദാനന്ദൻ( 9447334510) എന്നിവരുമായി ബന്ധപ്പെടണം.