 
എഴുകോൺ : അക്ഷരമുറ്റത്ത് പിച്ചവയ്ക്കുന്ന കുരുന്നുകൾക്കായി
ശീതീകരിച്ച സ്മാർട്ട് അങ്കണവാടിയൊരുങ്ങുന്നു. എഴുകോൺ ഗ്രാമപഞ്ചായത്തിലെ കൊച്ചാഞ്ഞിലിമൂട് അങ്കണവാടിയാണ് ആധുനിക സൗകര്യങ്ങളോടെ സജ്ജമാകുന്നത്. വനിതാശിശുവികസന വകുപ്പിന്റെ 17.56 ലക്ഷവും ഗ്രാമ പഞ്ചായത്തിന്റെ 15.44 ലക്ഷംരൂപയും ചെലവഴിച്ചാണ് നിർമ്മാണം. കൊട്ടാരക്കര ബ്ലോക്കിലെ രണ്ടാമത്തെ ശീതീകരിച്ച അങ്കണവാടിയാണിത്. നിലവിൽ കൊട്ടാരക്കര നഗരസഭയിലാണ് ശീതീകരിച്ച അങ്കണവാടിയുള്ളത്.
എഴുകോൺ പഞ്ചായത്തിൽ ആകെ 25 അങ്കണവാടികളാണുള്ളത്. ഇതിൽ 11 എണ്ണത്തിന് മാത്രമാണ് സ്വന്തമായി ഭൂമിയും കെട്ടിടവും ഉള്ളത്. പഞ്ചായത്ത് സമിതിയുടെ ശ്രമഫലമായി നാല് അങ്കണവാടികൾക്ക് അടുത്തിടെ സ്വകാര്യ വ്യക്തികളിൽ നിന്ന് ഭൂമി സൗജന്യമായി ലഭിച്ചിരുന്നു. ഇതിൽപ്പെട്ടതാണ് കൊച്ചാഞ്ഞിലിൻമൂട് അങ്കണവാടി. അകാലത്തിൽ അന്തരിച്ച മകളുടെ ഓർമ്മയ്ക്കായി മുൻ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറിയായിരുന്ന കൊച്ചാഞ്ഞിലിമൂട് ചന്ദ്രികാലയത്തിൽ പരേതനായ ശശിധരന്റെ ഭാര്യ ചന്ദ്രികയും കുടുംബാംഗങ്ങളുമാണ് നാല് സെന്റ് ഭൂമി വിട്ടു നൽകിയത്.
കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ വാർഡംഗവും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രതീഷ് കിളിത്തട്ടിൽ അങ്കണവാടിയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് ആതിര ജോൺസൺ അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ ബീന മാമച്ചൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ മിനി അനിൽ, എസ്.എച്ച്.കനകദാസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആർ.വിജയപ്രകാശ്,സുഹർബാൻ, ആർ.എസ്. ശ്രുതി, മുൻ പ്രസിഡന്റ് അംബിക, സി.ഡി.പി. ഒ. ശ്രീദേവി, ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ഫ്ലോസി ലാസ്, അസി.സെക്രട്ടറി ജി.ശങ്കരൻകുട്ടി, ഐ.സി.ഡി.എസ് സൂപ്പർ വൈസർ ജയലക്ഷ്മി, രാധിക, ജി.അംബിക, തങ്കച്ചി, സനൽകുമാർ, ജി.എസ് ശ്യാംകുമാർ, ബിജു, തുടങ്ങിയവർ സംസാരിച്ചു.