
കുന്നത്തൂർ: കുന്നത്തൂർ പാലത്തിൽ നിന്ന് കല്ലടയാറ്റിൽ ചാടി കൊട്ടാരക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി. മൈനാഗപ്പള്ളി കോവൂർ പടിക്കതെക്കതിൽ സുരേഷ് കുമാറിന്റെയും ബിന്ദുവിന്റെയും മകൾ ഭാഗ്യലക്ഷ്മിയാണ് (16) മരിച്ചത്.
സ്കൂളിൽ നടന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്ത ശേഷം വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.20 ഓടെയാണ് പാലത്തിൽ നിന്ന് ആറ്റിൽ ചാടിയത്. സ്വകാര്യ ബസിൽ പാലത്തിനോട് ചേർന്ന സ്റ്റോപ്പിൽ ഇറങ്ങിയ ശേഷം കൈയിലിരുന്ന ബാഗും ചെരിപ്പും പാലത്തിൽ ഉപേക്ഷിച്ച ശേഷമാണ് ആറ്റിൽ ചാടിയത്.
ശാസ്താംകോട്ടയിൽ നിന്നെത്തിയ അഗ്നിശമനസേനയും പൊലീസും നടത്തിയ തെരച്ചിലിൽ പാലത്തിന്റെ തെക്ക് ഭാഗത്ത് നിന്ന് മണിക്കൂറുകൾക്കുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.