cheerankavu
ചിറ്റാകോട് സ്മാർട്ട് അങ്കണവാടിയുടെ ശിലാസ്ഥാപനം എഴുകോൺ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ നിർവ്വഹിക്കുന്നു.

എഴുകോൺ : എഴുകോൺ ഗ്രാമപഞ്ചായത്തിലെ രണ്ടാമത്തെ സ്മാർട്ട് അങ്കണവാടിക്ക് ചീരങ്കാവിൽ തറക്കല്ലിട്ടു. ചിറ്റാകോട് ഗവ. വെൽഫെയർ എൽ.പി.എസിന് സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ ശിലാസ്ഥാപനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.എച്ച്. കനകദാസ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ, സ്ഥിരം സമിതി അദ്ധ്യക്ഷ ബീന മാമച്ചൻ, അംഗങ്ങളായ മഞ്ചുരാജ്, വി.സുഹർ ബാൻ,ബ്ലോക്ക് പഞ്ചായത്ത്‌ അംഗം മിനി അനിൽ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഫ്ലോസി ലാസ്, സി.ഡി.പി.ഓ. ശ്രീദേവി, ഗ്രാമപഞ്ചായത്ത് അസി. സെക്രട്ടറി ജി.ശങ്കരൻകുട്ടി, പ്രസന്ന തുടങ്ങിയവർ സംസാരിച്ചു. കഴിഞ്ഞ 25 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ച അങ്കണവാടിക്ക് ജനപ്രതിനിധികളുടെ അഭ്യർത്ഥന മാനിച്ച് പ്രദേശ വാസികളായ മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫിലിപ്പ് ജെ.പണിക്കരും, സഹോദരി സൂസൻ ജെ.പണിക്കരുമാണ് മൂന്ന് സെന്റ് സ്ഥലം വിട്ടു നൽകിയത്. മാതാപിതാക്കളുടെ ഓർമ്മയ്ക്കായിരുന്നു അത്. വനിതാശിശു വികസന വകുപ്പിന്റെ സഹായത്തോടെ 20 ലക്ഷം രൂപ ചെലവിട്ടാണ് കെട്ടിടം നിർമ്മിക്കുന്നത്.