കൊല്ലം : ട്രാക്കിന്റെ നേതൃത്വത്തിൽ രാത്രികാല വാഹന യാത്രികർക്കായി ചുക്കുകാപ്പി വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എൻ.ബാലഗോപാൽ നിർവഹിച്ചു. രാത്രി 10ന് കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനുമുന്നിലായി എം.സി റോഡിലായിരുന്നു ചുക്കുകാപ്പി വിതരണം. മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നാണ് പദ്ധതി തയ്യാറാക്കിയത്. കൊട്ടാരക്കര ഡിവൈ.എസ്.പി ജി.ഡി.വിജയകുമാർ, എം.വി.ഐ റോണോ, കൊല്ലം മുൻ ആർ.ടി.ഒയും ട്രാക്ക് അഡ്വൈസറുമായ ആർ.തുളസീധരൻ പിള്ള, ആർ.ടി.ഒ എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരായ രാംജി കെ.കരൻ, രഥുൻ മോഹൻ, ട്രാക്ക് ജോയിന്റ് സെക്രട്ടറി ഷിബു പാപ്പച്ചൻ, പൊലീസ് , മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, ട്രാക്ക് വോളണ്ടിയർമാരായ വിനോദ് ,കവിരാജ്, സതീഷ് കുമാർ, വിഷ്ണു, സഫറുള്ള, ഷിനോജ് തുടങ്ങിയവർ പങ്കെടുത്തു

ഡ്രൈവർമാർ ഉറങ്ങാതിരിക്കാൻ

പുലർച്ചെവരെയാണ് ചുക്കുകാപ്പി വിതരണം നടത്തുന്നത്. ദീർഘദൂര യാത്രികർക്കും ശബരിമല യാത്രികർക്കും കൂടുതൽ ഗുണകരമാകുന്ന വിധത്തിലാണ് ചുക്കുകാപ്പി നൽകുന്നത്. ഡ്രൈവർമാർ ഉറങ്ങിപ്പോകാതിരിക്കാൻ ഇത് ഉപകരിക്കുമെന്നാണ് വിലയിരുത്തൽ. കൊട്ടാരക്കര ബസ് സ്റ്റാൻഡിന് മുന്നിലും കൊല്ലം ബൈപ്പാസിലും ട്രാക്കിന്റെ നേതൃത്വത്തിൽ ചുക്കുകാപ്പി വിതരണം ചെയ്യുന്നുണ്ട്.

"ട്രാക്കിന്റെ വോളണ്ടിയർമാർ ചുക്കുകാപ്പി വിതരണം നടത്തുന്നത് നല്ല പ്രവർത്തനമാണ്. രാത്രികാല വാഹന യാത്ര ചെയ്യുമ്പോൾ ഡ്രൈവർമാർ ഉറങ്ങിപ്പോകുന്നത് പലപ്പോഴും അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ഇതിന് ഒരു പരിധിവരെ തടയിടാൻ ചുക്കുകാപ്പി വിതരണത്തിന് കഴിയും. മണ്ഡലക്കാലത്ത് രാത്രികാലങ്ങളിൽ നിരത്തിൽ കൂടുതൽ വാഹനങ്ങൾ എത്തുന്നുണ്ട്. ട്രാക്കിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമായി മാറുന്നുണ്ട്.

മന്ത്രി കെ.എൻ.ബാലഗോപാൽ