കൊല്ലം: കുടിയേറ്റക്കാർ ശത്രുക്കളല്ലെന്നും കുടിയേറ്റ ഭൂമിയിൽ താമസിച്ച് കൃഷിചെയ്യുന്നവരുടെ ജീവിതത്തിന് ഭംഗം വരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നത് സർക്കാർ നയമല്ലെന്നും മന്ത്രി പി.പ്രസാദ്. സ്റ്റേറ്റ് ഫാമിംഗ് കോർപ്പറേഷൻ ഒഫ് കേരള ലിമിറ്റഡിന്റെ സുവർണ
ജൂബിലി ആഘോഷവും നവീകരിച്ച രജിസ്റ്റേർഡ് ഓഫീസ് കെട്ടിടവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫാമിംഗ് കോർപ്പറേഷൻ വനംവകുപ്പിൽ നിന്ന് പാട്ടത്തിനെടുത്ത ഭൂമിയിൽ കുടിയേറ്റ ഭൂമി പൂർണമായി ഒഴിവാക്കിയായിരിക്കും പാട്ട വ്യവസ്ഥ പുതുക്കുന്നത്. കൈവശക്കാരുടെ ഒരിഞ്ച് ഭൂമിയും ആവശ്യപ്പെടില്ലെന്നും അവിടെ താമസിക്കുന്നവരെ ഒഴിവാക്കാൻ ശ്രമിക്കില്ലെന്നും മന്ത്രി പറഞ്ഞു. തൊഴിലാളികൾക്കുള്ള കാർഡുകൾ മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു. കെ.ബി.ഗണേശ്കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേൽ,
ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ കെ.ശിവശങ്കരൻ നായർ, എം.ഡി എൽ.ഷിബുകുമാർ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, ഹോർട്ടികോർപ്പ് ചെയർമാൻ അഡ്വ. എസ്.വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.ആനന്ദവല്ലി, സുനിതാ രാജേഷ്, എസ്.ആനന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.