കൊല്ലം: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ നേതൃത്വത്തിൽ 90-ാമത് ശിവഗിരി തീർത്ഥാടനത്തിന്റെ ഭാഗമായി ചാത്തന്നൂർ വഴി കടന്നു പോകുന്ന എല്ലാ പദയാത്രകൾക്കും സ്വീകരണം, ഭക്ഷണം, താമസസൗകര്യം എന്നിവ ഏർപ്പെടുത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി.
കുട്ടനാട്, കുട്ടനാട് സൗത്ത്, വാകത്താനം, തിരുവല്ല, പുലിക്കുട്ടിശ്ശേരി, ഗുരു ഗുഹാനന്ദപുരം, കുമരകം, ചങ്ങനാശ്ശേരി, നാഗമ്പടം എന്നീ കേന്ദ്രങ്ങളിൽ നിന്ന് വരുന്ന പദയാത്രകളാണ് 28നും 29നും ചാത്തന്നൂരിൽ വിശ്രമിക്കുന്നത്. 30ന് രാവിലെ പുറപ്പെടുന്ന പദയാത്രികർക്ക് എസ്.എൻ.ഡി.പി യോഗം 3244-ാം നമ്പർ കാരംകോട് ശാഖ, 6410-ാം നമ്പർ കണ്ണേറ്റ ശാഖ,1720-ാം നമ്പർ കല്ലുവാതുക്കൽ ശാഖ ,5493-ാം നമ്പർ ഏറം തെക്ക് ശാഖ, 578-ാം നമ്പർ ഏറം ശാഖ എന്നിവിടങ്ങളിൽ സ്വീകരണം നൽകും. 578-ാം നമ്പർ ഏറം ശാഖയിൽ പ്രവർത്തിക്കുന്ന യൂണിയൻ ഓഫീസ്, എസ്.എൻ കോളേജ്, എസ്.എൻ.ടി എച്ച്.എസ്.എസ് എന്നിവിടങ്ങളിലാണ് പദയാത്രികർക്കുള്ള താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്.
ചാത്തന്നൂർ യൂണിയന്റെയും പാരിപ്പള്ളി പദയാത്ര സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ പള്ളം, ഇലവുംതിട്ട, നാഗമ്പടം തുടങ്ങിയ കിഴക്കൻ മേഖലകളിൽ നിന്ന് വരുന്ന എല്ലാ പദയാത്രികർക്കും വിശ്രമം, താമസസൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. അമൃത എച്ച്.എസ്.എസാണ് വിശ്രമ കേന്ദ്രം. 28,29,30 തീയതികളിലെ ഭക്ഷണ ക്രമീകരണങ്ങൾക്ക് 3657-ാം നമ്പർ പാരിപ്പള്ളി ടൗൺ ശാഖ, 6400-ാം നമ്പർ പാരിപ്പള്ളി ഈസ്റ്റ് ശാഖ, 4836-ാം നമ്പർ പാമ്പുറം ശാഖ ,805-ാം നമ്പർ പാരിപ്പള്ളി ശാഖ എന്നിവയാണ് നേതൃത്വം നൽകുന്നത്. ഓയൂർ വഴി പള്ളത്തുനിന്നും വരുന്ന പദയാത്രയെ 992-ാം നമ്പർ വേളമാനൂർ ശാഖാജംഗ്ഷനിൽ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാറും ശാഖാഭാരവാഹികളും സ്വീകരിക്കും. ഉച്ച ഭക്ഷണശേഷം വൈകിട്ട് തിരിക്കുന്ന യാത്രയെ കുളമട ജംഗ്ഷനിൽ സ്വീകരിക്കും. തീർത്ഥാടകർക്കായി കുളമട ശാഖയിൽ മെഡിക്കൽ ക്യാമ്പ് ഏർപ്പെടുത്തിയിട്ടുണ്ട്. പദയാത്ര കടന്നുവരുന്ന എല്ലാ ശാഖകളിലും സ്വീകരണം, ഭക്ഷണം, താമസം എന്നിവ ഒരുക്കിയിട്ടുണ്ടെന്നും എല്ലാവരുടെയും സഹായ സഹകരണമുണ്ടാവണമെന്നും യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, സെക്രട്ടറി കെ.വിജയകുമാർ എന്നിവർ അറിയിച്ചു.