
പകർച്ചവ്യാധികളുടെ ദ്രുതഗതിയിലുള്ള വ്യാപനം ആഗോള ഭീഷണിയാണ്. ഇത് മനുഷ്യന്റെ ആരോഗ്യം, ഉപജീവനം, സാമ്പത്തിക സ്ഥിരത എന്നിവയെ പ്രതികൂലമായി ബാധിക്കും.
പകർച്ചവ്യാധി വൈറസുകളെ ശരീരത്തിൽ പ്രവേശിക്കുന്നത് തടയുന്നതിനായി ഫലപ്രദമായ മുഖംമൂടി നിർമ്മിച്ചിരിക്കുന്നു. സ്വയം ചാർജിംഗ് രീതിയിൽ നിശ്ചല വൈദ്യുത ചാർജുകൾ അഥാവ ഇലക്ട്രോസ്റ്രാറ്റിക് ചാർജുകൾ തുടർച്ചയായി നിറയ്ക്കാൻ കഴിയുന്ന, കാര്യക്ഷമവും മോടിയുള്ളതും ചെലവ് കുറഞ്ഞതുമായ മാസ്കാണിത്.
വായുവിലൂടെ രോഗം പരത്തുന്ന കണികകൾക്കെതിരെ ദീർഘകാലം സംരക്ഷണം നൽകുന്നവയാണീ മാസ്ക്കുകൾ. നാരുകൾ അടങ്ങിയിരിക്കുന്ന പലപല പാളികൾ ഈ മാസ്കിലുണ്ട്. ഈ പാളികളിലെ സൂക്ഷ്മനാരുകളിൽ നിശ്ചലവൈദ്യുത ചാർജുകൾ ഉണ്ടാവുകയും, ഈ ചാർജുകൾ, മനുഷ്യർ ശ്വസിക്കുന്ന വായുവിലുള്ള വിവിധതരത്തിലുള്ള കണികകളെയും വൈറസുകളെയും നിർമ്മാർജ്ജനം ചെയ്യാൻ സഹായിക്കുകയും ചെയ്യും. യൂണിവേഴ്സിറ്റി ഒഫ് ഹോങ്കോംഗിലെ ഗവേഷകരുടെ ഈ വർഷത്തെ കണ്ടുപിടിത്തമാണിത്. ഡിസംബറിലെ ശാസ്ത്ര ഗവേഷണ ജേർണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ മാസ്ക് ധരിക്കുന്നവർക്ക് നൂറുശതമാനം ശുദ്ധവായു ശ്വസിക്കാൻ കഴിയുന്ന വിധത്തിലാണ് രൂപകല്പന ചെയ്തിരിക്കുന്നത്.
നിലവിലുള്ള മാസ്കുകൾ
നിലവിൽ ആശുപത്രികളിൽ ഉപയോഗിക്കുന്ന മാസ്കുകൾ ഒാരോ നാല് മണിക്കൂർ കഴിയുമ്പോഴും മാറ്റേണ്ടതുണ്ട്. ഈർപ്പമുള്ള സാഹചര്യങ്ങളിൽ, ഇതിലെ നിശ്ചല വൈദ്യുതി ചാർജ് കാലക്രമോണ ക്ഷയിക്കും. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയുന്ന മാസ്കുകൾ, പാരിസ്ഥിതിക വെല്ലുവിളിയും ഉയർത്തുന്നുണ്ട്. ഇവയിൽ പലതും ചൂട് കൊണ്ട് വിഘടിക്കാത്ത പ്ലാസ്റ്റിക്കുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ്, ബാഹ്യ ഊർജ്ജ സ്രോതസുകളുടെ ആവശ്യമില്ലാതെ കാര്യക്ഷമമായി ദീർഘകാലം, വായുവിലുള്ള കണങ്ങളെയും ബാക്ടീരിയകളെയും പിടിച്ചെടുക്കാൻ കഴിവുള്ള ഒരുസ്വയം ചാർജിംഗ് മാസ്ക് അവതരിപ്പിച്ചിരിക്കുന്നത്. ട്രൈബോ ഇലക്ട്രിക് ഇഫ്ക്ട് ആണ് ഇതിന് പ്രയോജനപ്പെടുത്തിയിരിക്കുന്നത്. തീരെ കട്ടികുറഞ്ഞ നാനോഫൈബർ ഫിലിമാണ് ഉപയോഗിച്ചിരിക്കുന്നത്. ഇപ്പോൾ ആശുപത്രികളിൽ ഉപയോഗിക്കുന്ന ശാസ്ത്രക്രിയ മാസ്കിനെ അപേക്ഷിച്ച് പുതിയ മാസ്കിന്റെ പ്രവർത്തനക്ഷമത വളരെ കൂടുതലാണ്. ഇതിന്റെ ഫലപ്രദമായ ആയുസ് 60 മണിക്കൂറാണ്.
പ്രകടന വിലയിരുത്തൽ
സുരക്ഷാപ്രശ്നം, മാസ്കിന് സ്ഥിതി ചെയ്യാൻ വേണ്ട സ്ഥലം, ഭാരം, തുടർച്ചയായി ഉപയോഗിക്കുമ്പോഴുള്ള മാസ്കിന്റെ പ്രകടനത്തിന്റെ വിലയിരുത്തൽ, ചെലവ് ഫലപ്രാപ്തി, മാസ്കിന്റെ സേവനസമയം തുടങ്ങിയ പല അക്കാഡമിക് ചോദ്യങ്ങളും എൻജിനിയറിംഗ് വെല്ലുവിളികളും മറികടന്നിട്ടാണ് മാസ്കുകൾ നിർമ്മിച്ചിരിക്കുന്നത്. ഈർപ്പമുള്ള അന്തരീക്ഷത്തിൽ ഗണ്യമായി ചാർജ് കുറയാതിരിക്കാനുള്ള സംവിധാനവും ഉണ്ട്. കാലാവസ്ഥ വ്യതിയാനം മൂലം പലരീതിയിൽ ദുരിതമനുഭവിക്കുന്ന, പൊടിപടലങ്ങളില്ലാത്ത വായു ശ്വസിക്കാൻ മോഹിക്കുന്ന മാലോകർക്ക് ശുദ്ധവായു ശ്വസിക്കാൻ ഒരു ഉത്തമ സന്തത സഹചാരിയായി ഈ മാസ്ക് മാറും എന്നതിൽ സംശയമില്ല.
ഡോ. വിവേകാനന്ദൻ.പി.കടവൂർ