എഴുകോൺ : ഭർത്താവിന്റെ പീഡനങ്ങൾക്കെതിരെ നിരവധി തവണ പരാതിപ്പെട്ടിട്ടും നിഷേധിക്കപ്പെട്ട നീതിയുടെ ഇരയാണ് നടുറോഡിൽ അക്രമത്തിനിരയായ യുവ അഭിഭാഷക ഐശ്വര്യയെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി പറഞ്ഞു. ഐശ്വര്യയ്ക്ക് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് എഴുകോൺ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആതിര ജോൺസൺ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുറ്റപത്രം എത്രയും വേഗം സമർപ്പിച്ച് പ്രതിക്ക് ജാമ്യം ലഭിക്കാനുള്ള സാദ്ധ്യത തടയുക, യുവതിയുടെയും കുടുംബത്തിന്റെയും സുരക്ഷാ ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ഉപവാസം.
മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.കനകദാസ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ.സവിൻ സത്യൻ, പി.ഹരികുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.രതീഷ് കിളിത്തട്ടിൽ, ബിജു ഫിലിപ്പ്, ടി.ആർ.ബിജു, പി.എസ്.അദ്വാനി, വി.തുളസീധരൻ, പാറക്കടവ് ഷറഫ്, കെ.ജി.അലക്സ്, ഒ.രാജൻ, പൂവറ്റൂർ സുരേന്ദ്രൻ, കെ.ആർ.ഉല്ലാസ്, വി.സുഹർബാൻ, ഗിരിജ സോമരാജൻ, ജയലക്ഷ്മി,രേഖ ഉല്ലാസ്, ടി.ജെ.അഖിൽ, പ്രസാദ് കാരുവേലിൽ, രാധിക തുടങ്ങിയവർ സംസാരിച്ചു. ദിവസങ്ങൾക്ക് മുൻപാണ് ഐശ്വര്യയെ ഭർത്താവ് നെടുവത്തൂരിൽ വെച്ച് പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.