
കൊല്ലം: അറുപത്തെട്ടാമത് ദേശീയ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് കൊട്ടാരക്കരയിൽ തുടക്കമായി. ഇന്നലെ വൈകിട്ട് മന്ത്രി കെ.എൻ.ബാലഗോപാൽ ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. കൊട്ടാരക്കര ഗവ.ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഒരുക്കിയ ഒൻപത് കോർട്ടുകളിലായിട്ടാണ് മത്സരങ്ങൾ. ഉദ്ഘാടന ശേഷം അഞ്ച് ടീമുകളാണ് ഇന്നലെ കോർട്ടിൽ ഇറങ്ങിയത്. ഇന്ന് രാവിലെ 9ന് മത്സരങ്ങൾ പുനരാരംഭിക്കും. ഉച്ചയ്ക്ക് 12 വരെയും തുടർന്ന് വൈകിട്ട് 3 മുതൽ രാത്രി 11 വരെയുമാണ് മത്സരങ്ങൾ. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമായി 750 കളിക്കാരാണ് പങ്കെടുക്കുന്നത്.
ഘോഷയാത്ര
ഇന്നലെ വൈകിട്ട് കൊട്ടാരക്കര രവിനഗറിൽ നിന്ന് ഘോഷയാത്രയോടെയായിരുന്നു ചാമ്പ്യൻഷിപ്പിന്റെ ഉദ്ഘാടന ചടങ്ങുകൾക്ക് തുടക്കം. തുടർന്ന് ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മന്ത്രി കെ.എൻ.ബാലഗോപാൽ ഔപചാരികമായി ചാമ്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എ.ഷാജു അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം.പി, ഏഷ്യൻ ബാൾബാഡ്മിന്റൺ അസോ. സെക്രട്ടറി രാമറാവു, അശോക് കുമാർ ഗോയൽ, ടി.കെ.ഹെൻറി, എസ്.ഗോപകുമാർ, ദിനേഷ്, എക്സ്.ഏണസ്റ്റ്, അനിത ഗോപകുമാർ, എസ്.ആർ.രമേശ്, ജി.സുഷമ, അമ്പലക്കര അനിൽകുമാർ എന്നിവർ സംസാരിച്ചു.