shivanandan-70

കടയ്ക്കൽ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ താഴ്ചയിലേക്ക് മറിഞ്ഞ് വൃദ്ധൻ മരിച്ചു. മൂന്നുപേർക്ക് സാരമായി പരിക്കേറ്റു. പന്തളംമുക്ക് ചെന്നിലം ചരുവിള വീട്ടിൽ ശിവാനന്ദനാണ് (70) മരിച്ചത്.

പരിക്കേറ്റ ചെന്നിലം ചരുവിള പുത്തൻവീട്ടിൽ സുഗന്ധി (62), ശോഭി (40), ഓട്ടോ ഡ്രൈവർ മേലേ പന്തളംമുക്ക് മിഥുൻ ഭവനിൽ രതീഷ് (48) എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് 6 ഓടെ മേലേപന്തളംമുക്ക് - ചെന്നിലം റോഡിൽ ചെന്നിലം ക്ഷേത്രത്തിന് സമീപം ഇറക്കത്തിലായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോ പത്തടിയോളം താഴ്ചയിലുള്ള വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. വീടിന്റെ ഭിത്തിയിലിടിച്ച് ഓട്ടോയുടെ മുൻഭാഗം തകർന്നു. പന്തളംമുക്കിന് സമീപം വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്.
നാട്ടുകാർ പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശിവാനന്ദൻ മരിച്ചിരുന്നു. കൂലിപ്പണിക്കാരനാണ്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: പരേതയായ ശുഭ. മകൻ: അനീഷ്.