photo
സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രക്ക് കരുനാഗപ്പളിയിൽ നൽകിയ സ്വീകരണം

കരുനാഗപ്പള്ളി: അന്ധവിശ്വാസങ്ങൾക്കെതിരെ ശാസ്ത്രവിചാരം പുലരാൻ എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതന യാത്രയുടെ കൊല്ലം ജില്ലയിലെ പര്യടനം ഇന്നലെ കരുനാഗപ്പള്ളിയിൽ സമാപിച്ചു. ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽ തയ്യാറാക്കിയ സി.എസ്. സുബ്രഹ്മണ്യം പോറ്റി സ്മൃതി കേന്ദ്രത്തിലായിരുന്നു ജാഥക്ക് സ്വീകരണം. സിവിൽ സ്റ്റേഷന് മുന്നിൽ നിന്ന് വാദ്യമേളങ്ങളുടെയും മുത്തുക്കുടയുടെയും അകമ്പടിയോടെ ജാഥാ അംഗങ്ങളെ സ്വീകരണ കേന്ദ്രത്തിലേക്ക് നയിച്ചു. തുടർന്ന് ജാഥാ അംഗങ്ങളും പ്രവർത്തകരും ചേർന്ന് അക്ഷരദീപങ്ങൾ തെളിച്ച് പ്രതിജ്ഞയെടുത്തു. മേഖലാജാഥകളുടെ സ്വീകരണത്തിന്റെ ഭാഗമായി ശേഖരിച്ച അഗതി മന്ദിരങ്ങളിലേക്കും ആശ്രയ കേന്ദ്രങ്ങളിലേക്കും നൽകാനായി സ്വരൂപിച്ച ഉത്പ്പന്നങ്ങൾ ജാഥാ ക്യാപ്ടന് കൈമാറി താലൂക്ക് ലൈബ്രറി കൗൺസിലിന്റെ വിഷൻ 2025 ന്റെ പ്രകാശനവും നടന്നു. ജാഥാ സംഘാടനത്തിന്റെ ഭാഗമായി ഒരു മാസക്കാലത്തോളം നീണ്ടുനിന്ന സാംസ്കാരിക ഉത്സവം പരിപാടി വിജയിപ്പിക്കുവാൻ ശ്രമിച്ച ഗ്രന്ഥശാല പ്രവർത്തകർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജാഥാ ക്യാപ്ടൻ വി.കെ.മധു സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അഡ്വ.പി.ബി .ശിവൻ അദ്ധ്യക്ഷനായി.സെക്രട്ടറി സി.വിജയകുമാർ സ്വാഗതം പറഞ്ഞു. സി.ആർ.മഹേഷ് എം.എൽ.എ, ഡോ. സുജിത്ത് വിജയൻപിള്ള എം.എൽ.എ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, മുൻ എം.എൽ.എ ആർ. രാമചന്ദ്രൻ, ജാഥാ മാനേജർ ഡോ.പി.കെ.ഗോപൻ, അംഗങ്ങളായ എ.പി .ജയൻ, ടി .കെ. ജി.നായർ, കൃഷ്ണകുമാർ ,എസ്.നാസർ തുടങ്ങിയവർ പ്രസംഗിച്ചു.