
കൊല്ലം: ശാസ്താംകോട്ട കായലും അതിലെ കുടിവെളളപദ്ധതികളുമാണ് കടുത്ത വേനലിൽ ജില്ലയ്‌ക്ക് ആകെയുള്ള ആശ്വാസം. എന്നാൽ, വർഷം കഴിയുന്തോറും കായലിലെ ജലസ്രോതസ് കുറഞ്ഞു വരുന്നത് ജില്ലയെ ആശങ്കയിലാക്കുന്നുണ്ട്. കഴിഞ്ഞ കടുത്ത വേനലിൽ കല്ലട ഇറിഗേഷൻ പദ്ധതിയുടെ കനാലിൽ നിന്ന് വെളളം പമ്പുചെയ്താണ് പദ്ധതി മുടങ്ങാതെ പിടിച്ചുനിന്നത്. എന്നിട്ടും കായലിനോട് ചേർന്നുളള പ്രദേശങ്ങളിൽ പോലും പല ദിവസങ്ങളിലും കുടിവെളള വിതരണം മുടങ്ങി. മഞ്ഞ നിറമുളള ഓരു വെളളമാണ് പലപ്പോഴും ലഭിച്ചതെന്നതും പരാതിക്ക് ഇടയാക്കിയിരുന്നു. ജൽജീവൻ പദ്ധതിപ്രകാരം വീടുകളിലെല്ലാം കുടിവെളള കണക്ഷൻ നൽകിയെങ്കിലും വർദ്ധിച്ചു വരുന്ന കുടിവെളള പ്രശ്നത്തിന് പരിഹാരമാകാനിടയില്ല. പുതിയ കുടിവെളള പദ്ധതികൾ ആരംഭിക്കാനോ, നിലവിലേത് പൂർത്തിയാക്കാനോ കഴിയുന്നില്ല എന്നതും വലിയ പ്രശ്നമായിത്തന്നെ അവശേഷിക്കുന്നു.
ബലക്കാതെ പോയ ബദൽ
ശാസ്താംകോട്ട പദ്ധതിയിലെ ജലദൗർലഭ്യം മുന്നിൽ കണ്ട് ഉയർത്തിക്കൊണ്ടുവന്ന കല്ലടയാർ കുടിവെളള പദ്ധതി ആരംഭത്തിൽ തന്നെ ഉപേക്ഷിക്കേണ്ടിവന്നു. പദ്ധതിക്കായി ചെലവിട്ട പണം വെളളത്തിലാവുകയും ചെയ്തു. മറ്റൊരു പദ്ധതിയായ ഞാങ്കടവ് കുടിവെളള പദ്ധതി അടുത്തെങ്ങും ലക്ഷ്യത്തിലെത്തുന്ന ലക്ഷണവുമില്ല. കായൽ സംരക്ഷിച്ച് ജലസ്രോതസ് വർദ്ധിപ്പിക്കാനുളള പദ്ധതികളെല്ലാം അഴിമതിയിൽ മുങ്ങിത്താഴുകയുമായിരുന്നു. കല്ലടയാറ്റിലെ കടപുഴയിൽ തടയണ കെട്ടി ശാസ്താംകോട്ട ഫിൽട്ടർ ഹൗസിൽ വെളളമെത്തിക്കുന്ന ബദൽ പദ്ധതിയാണ് അകാലചരമം പ്രാപിച്ചത്. 2013ൽ ആരംഭിച്ച പദ്ധതിക്ക് 14.50 കോടി രൂപയായിരുന്നു എസ്റ്റിമേറ്റ്. 5.33 കോടി രൂപയുടെ പൈപ്പ് ഇറക്കുകയും ചെയ്തു. എന്നാൽ, ഒന്നര കിലോമീറ്റർ പൈപ്പ് സ്ഥാപിച്ചപ്പോഴേക്കും ജോലികൾ നിർത്തി വയ്ക്കേണ്ടിവന്നു. കല്ലടയാറ്റിൽ തടയണകെട്ടി വെളളം തിരിച്ചുവിട്ടാൽ വേലിയേറ്റം രൂക്ഷമാകും എന്നതായിരുന്നു നിരത്തിയ കാരണം.
തടാകത്തിലൂടെ വെളളംകൊണ്ടുപോകാൻ ഇറക്കിയിട്ട 7.67 കോടി രൂപയുടെ ഹൈഡൻസിറ്റി പോളിഎത്തിലിൻ പൈപ്പുകൾ ഒടുവിൽ തടാകത്തിന് ബാദ്ധ്യതയായി മാറി. തടാകത്തിലൂടെ ഒഴുകി നടന്ന നൂറോളം പൈപ്പുകൾ ഏഴു വർഷത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ക്രെയിൻ ഉപയോഗിച്ച് മാറ്റിയത്. പൈപ്പുകൾ മാറ്റാൻ തന്നെ വാട്ടർ അതോറിട്ടിക്ക് ഏഴ് ലക്ഷത്തോളം രൂപ ചെലവ് വന്നു. ഇതെല്ലാം വലിയ തോതിൽ അഴിമതി ആരോപണങ്ങൾക്ക് ഇടയാക്കുകയും ചെയ്തു.
..................................................
കായലിലെ ജലസ്രോതസ് കുറയുന്നത് ഗുരുതരമാണ്. കായൽ സംരക്ഷണത്തിന് പദ്ധതികൾ വേണം. സംരക്ഷണത്തിനായി സ്റ്റാറ്റ്യൂട്ടറി ബോഡി വേണം. മണ്ണ് ഡ്രഡ്ജ് ചെയ്ത് നീക്കണം. ഉറവകൾ സംരക്ഷിക്കണം.
ഉഷാലയം ശിവരാജൻ, പടി. കല്ലട പഞ്ചായത്ത് സ്റ്റാൻഡിംഗ്
കമ്മറ്റി ചെയർമാൻ, വാട്ടർ അതോറിട്ടി ബോർഡ് മെമ്പർ