
കൊല്ലം: നിർമ്മാണം അനിശ്ചിതമായി നീണ്ട് ജനത്തെ വട്ടംചുറ്റിച്ച കല്ലുപാലം 30ന് തുറക്കും. വൈകിട്ട് 4ന് മന്ത്രി കെ.എൻ.ബാലഗോപാൽ പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. എം.മുകേഷ് എം.എൽ.എ അദ്ധ്യക്ഷനാകും. പാലത്തിന്റെയും സംരക്ഷണ ഭിത്തിയുടെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണം പൂർത്തിയായി. ടാറിംഗ് ജോലികൾ നാളെ ആരംഭിക്കും. പഴയ പാലം പൊളിച്ചു നീക്കിയപ്പോൾ ലഭിച്ച പ്രത്യേകതരം കല്ലുകൾ സംരക്ഷണ ഭിത്തിയുടെ മുകളിലായി പാകുന്ന ജോലികൾ ഇന്നലെ പൂർത്തിയായി. പാലം തുറക്കുന്നതോടെ ലക്ഷ്മിനട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങളും വ്യാപാരികളും അനുഭവിച്ചു വന്ന ദുരിതങ്ങൾക്കാണ് പരിഹാരമാകുന്നത്.
നിർമ്മാണം നീണ്ടതിനെ തുടർന്ന് ആദ്യ കരാറുകാരനെ ഒഴിവാക്കി പുതിയ കരാറുകാരനെ ഏല്പിക്കുകയായിരുന്നു.പുതിയ കരാറുകാരന്റെ നേതൃത്വത്തിൽ 70 ദിവസം കൊണ്ടാണ് ജോലികൾ പൂർത്തിയാക്കിയത്. പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ എം.മുകേഷ് എം.എൽ.എയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.
കൊല്ലം തോടിന് കുറുകെ പ്രധാന വ്യാപാര കേന്ദ്രമായ ലക്ഷ്മി നടയെയും കൊല്ലം നഗരത്തെയും ബന്ധിപ്പിച്ചിരുന്ന പഴയ പാലം പൊളിച്ച് പുതിയത് നിർമ്മിക്കുന്ന ജോലികൾ തുടങ്ങിയത് 2018ലാണ്. 5.25 കോടി രൂപയായിരുന്നു കരാർ തുക. കൊവിഡ് കാരണം മുടങ്ങിയ ആദ്യ ഘട്ട നിർമ്മാണം അതിനു ശേഷവും അനിശ്ചിതമായി നീണ്ടതോടെ കരാറുകാരനെ ഒഴിവാക്കി. 2023 മെയ് വരെയായിരുന്നു പുതിയ കരാർ കാലാവധി. റോഡ് തുറക്കുന്നതോടെ പ്രധാന റോഡിൽ നിന്ന് കളക്ടറേറ്റിലേക്കും പളളിത്തോട്ടത്തേക്കുമുളള യാത്ര സുഗമമാകും.