പുത്തൂർ : ഗുരുധർമ്മ പ്രചരണ സംഘം കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ.ശങ്കറിന്റെ ജന്മഗ്രാമായ പുത്തൂരിൽ നിന്ന് പുറപ്പെടുന്ന ശിവഗിരി തീർഥാടന പദയാത്ര ഒരുക്കം പൂർത്തിയായതായി സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ അറിയിച്ചു.
10 ദിവസത്തെ പാപ ശുദ്ധി വ്രതമനുഷ്ഠിച്ച് മുന്നൂറിലധികം പീതാംബര ധാരികൾ പദയാത്ര പങ്കെടുക്കും. ഗുരുദേവന്റെയും ആർ.ശങ്കറിന്റെയും ദീപാലകൃതമായ കട്ടൗട്ട് , ഗുരുദേവ പ്രതിമ , കെടാവിളക്ക് എന്നിവ ഉണ്ടായിരിക്കും. പദയാത്രയ്ക്ക് എഴുകോൺ രാജ്‌മോഹൻ നേതൃത്വം നൽകും.ശാന്തിനി എസ്.കുമാരൻ, ഉമാദേവി, ഇടമൺ രതീ സുരേഷ്, സന്ദീപ് സോമൻ കരീപ്ര എന്നിവർ ഉപാക്യാപ്റ്റന്മാരാണ്.
28 ന് രാവിലെ 9 ന് പുത്തൂരിൽ ഡോ.സി.രത്‌നാകരൻ ദീപം തെളിക്കും. 9.30 ന് ശിവഗിരി തീർഥാടക മഹാസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്‌ഘാടനം ചെയ്യും. സംഘം ചെയർമാൻ എഴുകോൺ രാജ്‌മോഹൻ അദ്ധ്യക്ഷത വഹിക്കും. പദയാത്ര ഉദ്‌ഘാടനം സി.പി.ഐ ദേശീയ നേതാവ് പന്ന്യൻ രവീന്ദ്രൻ നിർവഹിക്കും. മതാതീത ആത്മീയ സമ്മേളനം ശാന്തിഗിരി ആശ്രമം സെക്രട്ടറി ഗുരുരത്നം ജ്ഞാനതപസ്വി ഉദ്‌ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പി.രാജേന്ദ്ര പ്രസാദ്, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ, ആർ.എസ്.പി ജില്ലാ സെക്രട്ടറി കെ.എസ്.വേണുഗോപാൽ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. വിവിധ സർക്കാർ പദവികളിൽ മികവുറ്റ സേവനം അനുഷ്ഠിച്ച് ഐ.എ.എസ് നേടിയ ചീരങ്കാവ് കടയിൽ അലക്സ് വർഗീസിനെ പന്ന്യൻ രവീന്ദ്രൻ ആദരിക്കും. സംഘം ജനറൽ സെക്രട്ടറി ബി.സ്വാമിനാഥൻ, പ്രൊഫ.ജി.മോഹൻദാസ്, ഓടാനവട്ടം എം.ഹരീന്ദ്രൻ,ശാന്തിനി എസ്.കുമാരൻ, കെ.മധുലാൽ,ആർ.ഭാനു, പാത്തല രാഘവൻ, കവി ഉണ്ണി പുത്തൂർ, മജീഷ്യൻ വർക്കല മോഹൻദാസ്, പുതുക്കാട്ടിൽ വിജയൻ, ഉദയഗിരി രാധാകൃഷ്ണൻ എന്നിവർ സംസാരിക്കും. തീർഥാടന രഥത്തിൽ കൊട്ടാരക്കര നഗരസഭ ചെയർമാൻ എ.ഷാജു ഭദ്രദീപം തെളിക്കും. പദയാത്ര സംഘം മാറനാട്‌എം എഴുകോൺ കരീപ്രയിൽ സമാപിക്കും.
29 ന് നെടുമൺകാവ്,കൊട്ടറ,വരിഞ്ഞ വിള പള്ളി,ചാത്തന്നൂർ വഴി പരവൂരിൽ സമാപിക്കും.
30 ന് പരവൂർ, ഇടവ,കാപ്പിൽ,വെൺകുളം വഴി വർക്കല ശിവഗിരിയിൽ എത്തും. 31 ന് നടക്കുന്ന തീർഥാടന ഘോഷയാത്രയിൽ പങ്കെടുത്ത് പദയാത്ര സംഘം മടങ്ങും.