ഓച്ചിറ : പുലിത്തിട്ട ചതുഷഷ്ടി യോഗിനി സമേത മഹാകാളി ധർമ്മ ദൈവ ക്ഷേത്രത്തിന്റെ ഭരണനിർവഹണ സമിതിയായ ശ്രീവിദ്യാദേവസ്വം ട്രസ്റ്റ് പൊതുയോഗത്തിൽ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിച്ചു. പുലിത്തിട്ട ഭദ്രാഭഗവതി ധർമ്മ ദൈവക്ഷേത്രം എന്ന് മുമ്പ് അറിയപ്പെട്ടിരുന്ന പുലിത്തിട്ട ക്ഷേത്രത്തിൽ കഴിഞ്ഞദിവസം നടന്ന പൊതുയോഗത്തിലാണ് സംഭവം.

ക്ഷേത്രത്തിലെ ഒരു ഉപദേവാലയം നിൽക്കുന്ന സ്ഥലത്തെ ചൊല്ലി ക്ഷേത്ര ഭരണം നടത്തുന്നവരും സംഘർഷത്തിൽ ഏർപ്പെട്ടവരും തമ്മിൽ ഏതാനും നാളുകളായി തർക്കം നിലനിൽക്കുകയാണ്. അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെട്ട ചിലർ ക്ഷേത്ര പൊതുയോഗം കൂടരുതെന്ന് ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. തുടർന്ന്, അംഗത്വമില്ലാത്തവരെ യോഗ സ്ഥലത്തുനിൽക്കാൻ അനുവദിക്കരുതെന്ന് യോഗത്തിൽ പങ്കെടുത്തവരിൽ ചിലർ ഭാരവാഹികളോട് ആവശ്യപ്പെട്ടു.
യോഗത്തിന്റെ സുഖമമായ നടത്തിപ്പിന് അംഗങ്ങളല്ലാത്തവർ പുറത്ത് പോകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെടുന്നതിനിടെ പുറകിലിരുന്നവരും യോഗത്തിലേയ്ക്ക് കടന്നെത്തിയവരും തമ്മിലുണ്ടായ വാക്കുതർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു.

തുടർന്ന് പൊലീസ് എത്തി ഇരുഭാഗത്തെയും പിരിച്ചു വിട്ടു.

പരിക്കേറ്റ ഇരുഭാഗത്തെയും ചിലർ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഓച്ചിറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.