noushad-
കൊല്ലം ആശ്രാമം മൈതാനത്ത് ആരംഭിച്ച ദേശീയ ജൂനിയർ ബേസ് ബാൾ ചാമ്പ്യൻഷിപ്പ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊല്ലം: മുപ്പതാമത് ദേശീയ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിന് ആശ്രാമം മൈതാനത്ത് തുടക്കം. ആൺകുട്ടികളുടെ വിഭാഗത്തിൽ 19 ടീമുകളും പെൺകുട്ടികളുടെ വിഭാഗത്തിൽ 18 ടീമുകളും പങ്കെടുക്കുന്ന മത്സരം എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.

ബേസ്ബാൾ അസോസിയേഷൻ ദേശീയ പ്രസിഡന്റ് എം.എൻ.കൃഷ്ണമൂർത്തി അദ്ധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി ജനറൽ ഹരീഷ് കുമാർ, സീനിയർ വൈസ് പ്രസിഡന്റ് അശോക് കെ. ശർമ്മ, സംസ്ഥാന സെക്രട്ടറി ടി.പി. ആനന്ദ്ലാൽ, സോഫ്റ്റ്ബാൾ അസോസിയേഷൻ സംസ്ഥാന ട്രഷറർ എം.രമേശൻ, സ്പോട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് ഡോ.കെ.രാമാഭദ്രൻ, മുൻ സംസ്ഥാന സെക്രട്ടറി ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു. ഓർഗനൈസിംഗ് ജനറൽ കൺവീനർ ബി. നൗഫിൻ സ്വാഗതവും ഫൗണ്ടർ സെക്രട്ടറി ടി.എസ്. അരുൺ നന്ദിയും പറഞ്ഞു.

ചാമ്പ്യൻഷിപ്പിന് മികച്ച കവറേജ് നൽകുന്ന ഒരു ദൃശ്യ മാദ്ധ്യമത്തിനും ഒരു അച്ചടി മാദ്ധ്യമത്തിനും 5000 രൂപ വീതമുള്ള പുരസ്‌കാരങ്ങൾ സമ്മാനിക്കും. അവാർഡിനുള്ള എൻട്രികൾ 30ന് ഉച്ചക്ക് 12 ന് മുൻപ് 9037707060 എന്ന നമ്പറിൽ അയ്ക്കണം. സമഗ്ര കവറേജിൽ റിപ്പോർട്ടുകൾ, ഫോട്ടോകൾ, വീഡിയോ സ്റ്റോറികൾ, വീഡിയോ കാമറമാൻ എന്നിവയും പരിഗണിക്കപ്പെടും

കേരളത്തിന് വിജയത്തുടക്കം

ദേശീയ ജൂനിയർ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വിജയത്തോടെ തുടക്കം. ആൺകുട്ടികളുടെ വിഭാഗത്തിൽ ഒഡീഷ്യയെയും (16-5) പെൺകുട്ടികളുടെ വിഭാഗത്തിൽ മധ്യപ്രദേശിനെയുമാണ് (13-1) കേരളം പരാജയപ്പെടുത്തിയത്.

ആൺകുട്ടികളുടെ വിഭാഗത്തിൽ ഉത്തർപ്രദേശ് ജമ്മുകാശ്മീരിനെയും (11-9), രാജസ്ഥാൻ ഛണ്ടിഗഡിനെയും ( 14- 4 ) പെൺകുട്ടികളുടെ വിഭാഗത്തിൽ ആന്ധ്ര രാജസ്ഥാനെയും ( 11- 1 ) പഞ്ചാബ് ജമ്മുകാശ്മീരിനെയും ( 16-1 ) പരാജയപ്പെടുത്തി. ഫൈനൽ മത്സരങ്ങൾ 30 ന് നടക്കും.