vella
എസ്.എൻ.ഡി.പി യോഗം കോട്ടയ്ക്കകം 1810-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ സുവർണ ജൂബിലി ആഘോഷം, ഗുരുദേവ പ്രതിഷ്ഠയുടെ 23-ാം വാർഷികം, സേവാപന്തൽ എന്നിവയുടെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിക്കുന്നു

കൊല്ലം: ശ്രീനാരായണ ഗുരുദേവൻ അടക്കമുള്ളവരുടെ നേതൃത്വത്തിൽ നടന്ന നവോത്ഥാന പ്രവർത്തനത്തിലൂടെ തുടച്ചുനീക്കിയ പലതും മടങ്ങിവരികയാണെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. എസ്.എൻ.ഡി.പിയോഗം കോട്ടയ്ക്കകം 1810-ാം നമ്പർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയുടെ സുവർണ ജൂബിലി ആഘോഷം, ഗുരുദേവ പ്രതിഷ്ഠയുടെ 23-ാം വാർഷികം, സേവാപന്തൽ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

യുവതലമുറയിൽ മാരക ലഹരി പദാർത്ഥങ്ങളുടെ ഉപയോഗം വർദ്ധിക്കുന്നു. കോടിക്കണക്കിന് രൂപയുടെ ലഹരിപദാർത്ഥങ്ങളാണ് കേരളത്തിലേക്ക് ഒഴുകുന്നത്. മന്ത്രവാദം അടക്കമുള്ള ദുരാചാരങ്ങളും കടന്നുവരുന്നു. ഒരു പീഡ ഉറുമ്പിനും വരുത്തരുതെന്നാണ് ഗുരു പറഞ്ഞത്. എന്നാൽ പത്രങ്ങളിൽ നിറയെ പീഡകളുടെയും പീഡനങ്ങളുടെയും വാർത്തകളാണ്. ഗുരുദേവ ദർശനം ഒറ്രക്കെട്ടായി നിന്നാലെ ഇവയെ നേരിടാനാകു. എന്നാൽ, ഭിന്നിപ്പുകൾ സൃഷ്ടിച്ച് ഗുരുദേവ ദർശനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് തടസങ്ങൾ സൃഷ്ടിക്കുകയാണ്. ഗുരുദേവനെ ഈഴവ സമുദായത്തിന്റെ മാത്രമായും ചിത്രീകരിക്കുന്നു. ഇന്ന് ലോകത്തുള്ള എല്ലാ പ്രശ്നങ്ങൾക്കുമുള്ള പരിഹാരം ഗുരുദർശനത്തിലുണ്ട്. ആ വഴിയിലൂടെ ഒറ്റക്കെട്ടായി സഞ്ചരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശാഖ പ്രസിഡന്റ് ബി. ബിനുദാസ് അദ്ധ്യക്ഷത വഹിച്ചു. യോഗം കൊല്ലം യൂണിയൻ സെക്രട്ടറി എൻ.രാജേന്ദ്രൻ, യോഗം കൗൺസിലർ പി.സുന്ദരൻ, കോർപ്പറേഷൻ കൗൺസിലർ ജി. സോമരാജൻ, യൂണിയൻ മേഖല കൺവീനർ എ.ഡി.രമേശ്, യൂണിയൻ കൗൺസിലർ നേതാജി ബി.രാജേന്ദ്രൻ, യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റും യൂണിയൻ പ്രസിഡന്റുമായ രഞ്ജിത്ത് രവീന്ദ്രൻ, സെക്രട്ടറി ബി. പ്രതാപൻ, വനിതാസംഘം യൂണിയൻ പ്രസിഡന്റ് ഡോ. എസ്. സുലേഖ, സെക്രട്ടറി ഷീലാ നളിനാക്ഷൻ എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി പി. സുരേന്ദ്രൻ സ്വാഗതവും വൈസ് പ്രസിഡന്റ് ജി. അനൂപ് നന്ദിയും പറഞ്ഞു.