കൊല്ലം: അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ ശാസ്ത്രബോധം വളർത്താൻ സംസ്ഥാന ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച ജനചേതനയാത്രയ്‌ക്ക് കൊല്ലത്ത്‌ ഉജ്വല വരവേൽപ്പ്‌ നൽകി. കടപ്പാക്കട സ്വരലയ ഓഡിറ്റോറിയത്തിൽ താലൂക്ക് ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ നൽകിയ സ്വീകരണം കവി ഏഴാച്ചേരി രാമചന്ദ്രൻ ഉദ്ഘാടനംചെയ്തു. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.മധു ക്യാപ്റ്റനും എക്സിക്യൂട്ടീവ് അംഗം പി.കെ.ഗോപൻ മാനേജരുമായ തെക്കൻ മേഖലാ ജാഥ അരുവിപ്പുറത്തു നിന്നാണ്‌ ആരംഭിച്ചത്‌. പാരിപ്പള്ളിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ കെ.ബി.മുരളീകൃഷ്ണൻ, സെക്രട്ടറി

ഡി.സുകേശൻ എന്നിവരുടെ നേതൃത്വത്തിൽ ജാഥയെ സ്വീകരിച്ചു. കടപ്പാക്കടയിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ നൂറുകണക്കിന് ഗ്രന്ഥശാലാ പ്രവർത്തകർ ജാഥയെ സ്വീകരണകേന്ദ്രത്തിലേക്ക് ആനയിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു അദ്ധ്യക്ഷനായി. ജാഥാംഗങ്ങളായ എ.പി.ജയൻ, എസ്.നാസർ, അജിത് കൊളാടി എന്നിവർ സംസാരിച്ചു. അനാചാരങ്ങൾക്ക് അടിപ്പെടാതെ ജാഗ്രത പാലിക്കാനും ആധുനികതയിലേക്ക് മുന്നേറാനുമുള്ള സന്ദേശം പകർന്ന ‘ഇനിയെത്ര ദൂരം’ എന്ന നാടകം ജാഥയോടൊപ്പമുള്ള കലാസംഘം അവതരിപ്പിച്ചു. തെക്കൻ-വടക്കൻ മേഖലാ ജാഥകൾ വിവിധ ജില്ലകളിൽ പര്യടനം പൂർത്തിയാക്കി 30ന് തൃശൂരിൽ സംഗമിക്കും.