കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയനിൽ നിന്നും നാളെ പുലർച്ചെ പുറപ്പെടുന്ന ശിവഗിരി തീർത്ഥാടന പദയാത്രക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി യൂണിയൻ പ്രസിഡന്റ് കെ.സുശീലനും സെക്രട്ടറി എ.സോമരാജനും അറിയിച്ചു. യൂണിയൻ പ്രസിഡന്റ് കെ.സുശീലൻ പദയാത്രയുടെ ക്യാപ്ടനും യൂണിയൻ സെക്രട്ടറി എ.സോമരാജൻ ഡയറക്ടറുമാണ്. പദയാത്രയ്ക്കുവേണ്ടിയുള്ള പീതപതാക യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനിൽ നിന്ന് ക്യാപ്ടൻ കെ.സുശീലൻ ഏറ്റുവാങ്ങി. യൂണിയൻ സെക്രട്ടറി എ.സോമരാജൻ, യോഗം ബോർഡ് മെമ്പർ കെ.ജെ. പ്രസേനൻ, യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ശോഭനൻ, എസ്.എൻ.ട്രസ്റ്റ് ബോർഡ് മെമ്പർ പ്രേമചന്ദ്രൻ, വനിതാ സംഘം പ്രസിഡന്റ് അംബികദേവി, സെക്രട്ടറി മധുകുമാരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. നാളെ പുലർച്ചെ 4ന് പ്രയാണം ആരംഭിക്കുന്ന പദയാത്ര വൈകിട്ട് എസ്.എൻ.ഡി.പി യോഗം കൊല്ലം ഓഫീസിൽ സമാപിക്കും. 29ന് രാവിലെ കൊല്ലത്തു നിന്നും പുറപ്പെടുന്ന പദയാത്ര വൈകിട്ട് പാരിപ്പള്ളി അമൃത വിദ്യാലയത്തിൽ സമാപിക്കും. 30ന് രാവിലെ പുറപ്പെടുന്ന യാത്ര വൈകിട്ട് ശിവഗിരിയിൽ എത്തിച്ചേരുമെന്ന് സംഘാടകർ അറിയിച്ചു.