 
കൊല്ലം: ഭക്ഷ്യധാന്യങ്ങളുടെ വിതരണം സംബന്ധിച്ച് ജില്ലയിലെ വിവിധ റേഷൻ കടകളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി. റേഷൻ കടകളിലെ സൗകര്യങ്ങളും ഭക്ഷ്യധാന്യങ്ങളുടെ വിതരണക്രമവും വിലയിരുത്തി. കുരീപ്പുഴ, രാമൻകുളങ്ങര, തങ്കശ്ശേരിയിലെ കാവൽ എന്നിവിടങ്ങളിലെ കടകളിലായിരുന്നു മുന്നറിയിപ്പ് ഇല്ലാതെയുള്ള സന്ദർശനം. കെട്ടിട സൗകര്യങ്ങൾ, ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം, റേഷൻ ഗുണഭോക്താക്കൾക്കുള്ള ഇരിപ്പിടങ്ങൾ, കുടിവെള്ളം ഉൾപ്പടെ ഇതര സൗകര്യങ്ങൾ, ലൈസൻസിയുടെ വിവരങ്ങൾ, വില വിവരം, റേഷൻ ബോധവത്ക്കരണ നോട്ടീസുകളുടെ പ്രദർശനം, അളവ് തൂക്ക, ഇ-പോസ് മെഷീനുകളുടെ പ്രവർത്തനം എന്നിവയും പരിശോധിച്ചു. എൻ.എഫ്.സി. എ/ പി.എം.ജി.കെ.വൈ എന്നീ കേന്ദ്ര പദ്ധതികളിലൂടെ റേഷൻ കടകൾ വഴിയുള്ള ഭക്ഷ്യധാന്യങ്ങളുടെ പ്രത്യേക വിതരണം, ആധാർ ലിങ്ക് ചെയ്ത ബയോമെട്രിക് സംവിധാനത്തിലൂടെയുള്ള ഭക്ഷ്യധാന്യ വിതരണം, പദ്ധതി വഴിയുള്ള ഭക്ഷ്യധാന്യങ്ങൾക്ക് കൃത്യമായ ബില്ല് നൽകൽ എന്നിവയും വിലയിരുത്തി. ഇന്നും പരിശോധന തുടരും. കൊട്ടാരക്കര, പത്തനാപുരം,പുനലൂർ തുടങ്ങിയ കിഴക്കൻ മേഖലകളിൽ 29ന് കേന്ദ്രസംഘം റേഷൻ കടകളിൽ പരിശോധന നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ സി.വി.മോഹൻകുമാർ പറഞ്ഞു.