കൊട്ടാരക്കര : എം.സി റോഡിൽ കുളക്കടയിൽ അപകടങ്ങളൊഴിവാക്കാൻ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നു. ഫ്ളെക്സിബിൾ സ്പ്രിംഗ് പോസ്റ്റുകളടക്കം സ്ഥാപിച്ചു. കുളക്കടയിൽ അപകടങ്ങൾ പരമ്പരയായതോടെയാണ് മന്ത്രി കെ.എൻ.ബാലഗോപാൽ ഇടപെട്ട് ബന്ധപ്പെട്ട വകുപ്പുതല ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ച് പരിഹാര മാർഗങ്ങൾക്ക് രൂപം നൽകിയത്. അതിന്റെ അടിസ്ഥാനത്തിൽ നാറ്റ്പാക് സംഘം സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചിരുന്നു. നടപടിക്രമങ്ങൾ പൂർത്തിയാക്കിയശേഷമാണ് റോഡിലെ സുരക്ഷാ സംവിധാനങ്ങൾ സ്ഥാപിച്ചു തുടങ്ങിയത്. കുളക്കട ലക്ഷം വീട് ജംഗ്ഷൻ മുതൽ ക്ഷേത്രം ജംഗ്ഷൻ വരെയുള്ള ഒന്നര കിലോ മീറ്റർ ദൂരത്തിലാണ് കൂടുതൽ പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്.
ഫ്ളെക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ സ്ഥാപിച്ചു
എം.സി റോഡിൽ ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന മേഖലയായി റിപ്പോർട്ട് ചെയ്യപ്പെട്ട ഭാഗമാണ് കുളക്കട. ഇവിടെ വേണ്ടുവോളം വീതിയുണ്ടായിട്ടും അപകടങ്ങൾ ഏറുന്നതിന്റെ കാരണങ്ങൾ കണ്ടെത്താൻ ഒട്ടേറെ പഠനങ്ങൾ വേണ്ടിവന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ളെക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ റോഡിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്. കുളക്കട ആലപ്പാട്ട് ദേവീക്ഷേത്രം ജംഗ്ഷനിലെ കൊടുംവളവിലാണ് ആദ്യം ഫ്ളെക്സിബിൾ സ്പ്രിംഗ് പോസ്റ്റുകൾ സ്ഥാപിച്ചത്. റോഡിലെ ഗതാഗതം ഇരുവരിയായി ക്രമീകരിക്കുകയാണ് ഇത് ലക്ഷ്യമിടുന്നത്. രണ്ട് മീറ്റർ അകലത്തിൽ അര കിലോ മീറ്റർ ദൂരത്തിലായി 240 പോസ്റ്റുകൾ സ്ഥാപിച്ചു. വാഹനങ്ങൾ ഇടിച്ചാലും പോസ്റ്റ് തകരില്ലെന്നും വാഹനങ്ങൾക്ക് തകരാറുണ്ടാകില്ലെന്നുമാണ് അധികൃതർ പറഞ്ഞത്. എന്നാൽ ഇവിടെ സ്ഥാപിച്ച പോസ്റ്റുകളിൽ പലതും ആദ്യ രണ്ടുദിനംകൊണ്ടുതന്നെ തകർന്നു. വേഗത നിയന്ത്രിക്കാൻ റിമ്പിൾ സ്ട്രിപ്പുകൾ, സ്റ്റഡ്സ് എന്നിവയും സ്ഥാപിച്ചു. ഇരുപത് സൂചനാ ബോർഡുകളും പലയിടങ്ങളിലായി സ്ഥാപിച്ചു.
മഞ്ഞ വരകളും ഹമ്പുകളും
വാഹനങ്ങളുടെ വേഗത കുറയ്ക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കുന്നത്. മൂന്നിടത്ത് ഹമ്പുകൾ സ്ഥാപിക്കുന്നുണ്ട്. എം.സി റോഡിൽ ഹമ്പുകൾ സ്ഥാപിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇവിടെ മൂന്നിടത്ത് സ്ഥാപിക്കുമ്പോൾ അതിന് പ്രത്യേക അനുമതി വേണ്ടിവരും. കോടതി വഴിയും അനുമതി തേടുമെന്നാണ് അറിയുന്നത്. പതിമൂന്നിടത്ത് മഞ്ഞ വര വരയ്ക്കും. നിരീക്ഷണ കാമറകൾ സ്ഥാപിക്കും. കുളക്കട പെട്രോൾ പമ്പിന് സമീപത്തും ആലപ്പാട്ട് ക്ഷേത്രത്തിന് സമീപത്തും ബ്ളിങ്കറിംഗ് ലൈറ്റുകൾ സ്ഥാപിക്കും.
തെരുവ് വിളക്ക് തെളിയുന്നില്ല
സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുമ്പോഴും നിരത്തിൽ വെളിച്ചക്കുറവ് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. തെരുവ് വിളക്കുകൾ പലതും കണ്ണടച്ചിട്ട് നാളേറെയായി. ഇത് അറ്റകുറ്റപ്പണി നടത്തി തെളിയ്ക്കണമെന്നാണ് പൊതു ആവശ്യം. മണ്ഡലക്കാലമായതിനാൽ രാത്രികാലങ്ങളിൽ വാഹനങ്ങളുടെ എണ്ണം കൂടിയിട്ടുണ്ട്.