 
ചവറ : സുഹൃത്തുക്കൾ തമ്മിലുള്ള വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചു. രണ്ടുപേർക്ക് കുത്തേറ്റു. ചവറകുളങ്ങര ഭാഗം സ്വദേശി സുധീഷ് (37), കരിത്തുറ സ്വദേശി ഷിബു (36) എന്നിവർക്കാണ് കുത്തേറ്റത്. ഞായറാഴ്ച കരിത്തുറ ദേവാലയത്തിന് സമീപം രാത്രി 10.30 ഓടെയായിരുന്നു സംഭവം. പൊലീസ് പറയുന്നത് : കുത്തേറ്റ രണ്ടുപേരും മത്സ്യത്തൊഴിലാളികളാണ്. സുധീഷ് ഷിബുവിന്റെ വള്ളത്തിലാണ് ജോലിക്ക് പോയിരുന്നത്. ജോലിക്ക് പോകുന്നതുമായി ബന്ധപ്പെട്ട സംസാരം വാക്കേറ്റത്തിലാവുകയും രണ്ടു പേരും പരസ്പരം കുത്തുകയുമായിരുന്നു. പരിക്കേറ്റ ഇരുവരും കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചു വരികയാണ് .പ്രദേശത്ത് സംഘർഷം ഒഴിവാക്കാനായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.