
കൊട്ടാരക്കര : മൈലം ആക്കവിളയിൽ ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം. താമരക്കുടി പുലിക്കുഴിവിള വീട്ടിൽ എൽ.വിജു (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയോടെയാണ് സംഭവം. ആക്കവിളയിൽ പ്രവർത്തനമില്ലാത്ത പാറക്വാറിയോട് അനുബന്ധിച്ചാണ് ക്രഷർ യൂണിറ്റ് പ്രവർത്തിച്ചിരുന്നത്. ക്രഷറിലെ യന്ത്രത്തിന്റെ പ്രവർത്തനം വിജുവാണ് നിയന്ത്രിച്ചിരുന്നത്. ജോലിക്കിടയിൽ കൺവെയർ ബെൽറ്റ് വിജുവിന്റെ ശരീരത്തിൽ കുടുങ്ങി. സമീപത്ത് ആരും ഉണ്ടായിരുന്നില്ല. ശബ്ദംകേട്ട് മറ്റ് തൊഴിലാളികൾ ഓടിയെത്തിയപ്പോഴാണ് വിജുവിനെ ബെൽറ്റിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. ശ്രമകരമായി വിജുവിനെ പുറത്തെടുത്ത് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. കൊട്ടാരക്കര പൊലീസ് കേസെടുത്തു. യു.അഖിലയാണ് വിജുവിന്റെ ഭാര്യ. മക്കൾ :അബിൻ, അക്സ.
ക്രഷർ യൂണിറ്റും അനധികൃതമായി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പൊലീസ് ഇത് സംബന്ധിച്ചും അന്വേഷണം നടത്തുന്നുണ്ട്.