
കൊല്ലം: ലഹരി വസ്തുക്കളുടെ ഉപയോഗത്തിനെതിരെ യുവജനങ്ങൾക്ക് അവബോധം നൽകുന്നതിനായി വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്‌നോളജിയിലെ നാഷണൻ സർവീസ് സ്‌കീം വോളന്റിയർമാരുടെ നേതൃത്വത്തിൽ ജനകീയ ബോധവത്കരണ റാലി നടത്തി. 'നാളത്തെ കേരളം ലഹരി വിമുക്തമാക്കുക', ലഹരിയാണ് മാർഗമെങ്കിൽ ദുരിതമാണ് ഫലം', 'സ്വയം തിരഞ്ഞെടുക്കുന്ന മരണമാണ് ലഹരി' തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തിയാണ് റാലി നടത്തിയത്.
'ലഹരി വിമുക്ത നാളേയ്ക്കായി യുവകേരളം' എന്നതാണ് ഈ വർഷത്തെ എൻ. എസ്.എസ് സപ്തദിന ക്യാമ്പിന്റെ പ്രധാന ആശയം. ഇതിന്റെ ഭാഗമായി ലഹരി വിരുദ്ധ പ്രതിജ്ഞ, സെമിനാറുകൾ, സിഗ്നേച്ചർ കാമ്പയിൻ, ഫ്‌ളാഷ് മോബുകൾ, പോസ്റ്റർ മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ രതീഷ്‌കുമാർ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ.സി.അനിതാ ശങ്കർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ.സിമ്പിൾ അദ്ധ്യാപകരായ സജിത, കാർത്തിക, എൻ.എസ്.എസ് വോളന്റിയർ അഭിഷിക് തുടങ്ങിയവർ സംസാരിച്ചു.