palam
ആയിരംതെങ്ങ് പാലത്തിൽ കോൺക്രീറ്റ് ഇളകി പൊട്ടിപൊളിഞ്ഞ നിലയിൽ, നേരത്തെ സിമന്റ് ഇട്ട ഭാഗങ്ങളാണ് വീണ്ടും പൊളിയുന്നത്

ഓച്ചിറ: അഴീക്കൽ ആയിരം തെങ്ങ് പാലത്തിൽ വീണ്ടും കുഴികൾ രൂപപ്പെട്ട് കമ്പികൾ പുറത്തുവന്നു. ഈ വിധം കുഴികൾ രൂപപ്പെട്ട് കമ്പികൾ തെളിഞ്ഞു വരുന്നത് ആദ്യ സംഭവമല്ല. ഉദ്ഘാടനം കഴിഞ്ഞത് മുതൽ എല്ലാ വർഷവും പൊതുമരാമത്ത് ബ്രിഡ്ജസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ മിനുക്കുപണികൾ നടന്നു വരികയാണ്. പാലത്തിൽ കുഴികൾ രൂപപ്പെട്ട് കമ്പി തെളിയുമ്പോൾ മുകളിൽ സിമന്റിട്ട് മറച്ച് ആളുകളുടെ കണ്ണിൽ പൊടിയിടുകയാണ് അധികൃതർ.

കുഴിയടച്ചാൽ തീരില്ല

പാലത്തിന്റെ അവസ്ഥയ്ക്ക് ശ്വാശ്വതമായ പരിഹാരം ആവശ്യപ്പെട്ട് സി.ആർ. മഹേഷ് എം.എൽ.എ പൊതുമരാമത്ത് മന്ത്രിക്ക് കത്ത് നൽകിയിരുന്നു. കേവലം കുഴിയടപ്പ് കൊണ്ടു തീരുന്നതല്ല അഴീക്കൽ പാലത്തിലെ പ്രശ്നം. ഓച്ചിറ ആയിരം തെങ്ങ് റോഡ് അറ്റകുറ്റപണിയുടെ ഭാഗമായി പാലം മുഴുവനായി ടാറു ചെയ്യുമെന്ന് പ്രതീക്ഷിച്ചെങ്കിലും അധികൃതരുടെ അനാസ്ഥ മൂലം അതുണ്ടായില്ല. അഴീക്കൽ ഫിഷിംഗ് ഹാർബർ, അഴീക്കൽ ബീച്ച്, മാതാ അമൃതാനന്ദമയീ മഠം എന്നിവടങ്ങളിലേക്ക് ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോകുന്നത്.

അനാസ്ഥ അവസാനിപ്പിക്കണം

പാലത്തിലെ ലൈറ്റുകൾ കൂടി കണ്ണടച്ചതോടെ രാത്രിയിൽ പാലത്തിലൂടെയുള്ള സഞ്ചാരം ഏറെ ദുഷ്കരമായി. പ്രഭാത സവാരിക്കെത്തുന്ന സ്ത്രീകൾ ഉൾപ്പടെയുള്ളവർ വെളിച്ചമില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ടുകയാണ്. പാലത്തിന് മുകളിലെ തെരുവ്നായ ശല്യം വേറെയും. പൊതുമരാമത്ത് വകുപ്പും പഞ്ചായത്തും കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ച് അഴീക്കൽ പാലത്തിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.

2010 മാർച്ച് ആറിനാണ് അന്നത്തെ മുഖ്യമന്ത്രി ആയിരുന്ന വി.എസ്. അച്ചുതാനന്ദൻ പാലം ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. 386 മീറ്റർ നീളവും 7.5 മീറ്റർ വീതിയുമുള്ള പാലം നിർമ്മിച്ചിരിക്കുന്നത് ഒമ്പത് സ്പാനുകളിലാണ്.

കോൺക്രീറ്റ് പൊട്ടിപൊളിഞ്ഞ് കമ്പി തെളിയുന്നത് എല്ലാ വർഷവും ആവർത്തിക്കുകയാണ്. നിർമ്മാണത്തിലെ അപാകതയാണ് പാലം പൊളിയുന്നതിന് കാരണം.ഇത് സംബന്ധിച്ച് നാട്ടുകാർ അധികൃതർക്ക് നിരവധി പരാതികൾ നൽകിയിട്ടും ഇതുവരെയും ഒരു ശാശ്വത പരിഹാരം ഉണ്ടായിട്ടില്ല.

സിക്സർ ബാബു,

ചൂണ്ടക്കട, അഴീക്കൽ