raju

കൊല്ലം: കഴിഞ്ഞ ദിവസം നിര്യാതനായ കോർപ്പറേഷൻ മീനത്ത്ചേരി ഡിവിഷൻ കൗൺസിലർ മുക്കാട് മഠത്തിൽ കിഴക്കതിൽ രാജു നീലകണ്ഠന് നാട് കണ്ണീരോടെ യാത്രാമൊഴി നൽകി.

ക്രിസ്മസ് ദിനത്തിൽ വൈകിട്ട് നാലോടെ വീട്ടിൽ ആഹാരം കഴിക്കുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ എട്ടോടെ മരിച്ചു. സി.പി.എം മീനം സി ബ്രാഞ്ച് അംഗം,പ്രവാസി സംഘം അഞ്ചാലുംമൂട് ഏരിയ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. കോളേജ് വിദ്യാഭ്യാസ കാലത്ത് സജീവ എസ്.എഫ്.ഐ പ്രവർത്തകനായിരുന്നു. പിന്നീട് 17 വർഷം നീണ്ട പ്രവാസ ജീവിതത്തിനിടയിൽ റിയാദ് കേളീ സാംസ്കാരിക സംഘടനയുമായി ബന്ധപ്പെട്ട് സന്നദ്ധ സേവന പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. ആദ്യമായാണ് കൗൺസിലറായത്. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. കൊല്ലം കോർപ്പറേഷൻ ഓഫീസിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം കഴിഞ്ഞ ദിവസം വീട്ടുവളപ്പിൽ സംസ്കരിച്ചു.

മന്ത്രി കെ.എൻ.ബാലഗോപാൽ, മേയർ പ്രസന്ന ഏണസ്റ്റ്, സി.പി.എം നേതാക്കളായ ജെ.മേഴ്സിക്കുട്ടിഅമ്മ, കെ.സോമപ്രസാദ്, എം.എച്ച്. ഷാരിയർ, എസ്. ജയമോഹൻ, എക്സ്.ഏണസ്റ്റ്, വി.കെ.അനിരുദ്ധൻ, കെ.ജി. ബിജു, എ.എം.ഇക്ബാൽ, ഡെപ്യൂട്ടി മേയർ കൊല്ലം മധു തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു.