
കൊല്ലം: നവവധുവിനെ ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കുമ്മിൾ വട്ടത്താമര തൈക്കാവിന് സമീപം മണ്ണൂർ വിളാകത്ത് വീട്ടിൽ റാസിഫിന്റെ ഭാര്യ ജന്നത്ത് (19) ആണ് മരിച്ചത്. കിടപ്പുമുറിയിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ ഇന്നലെ പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. അഞ്ച് മാസം മുമ്പായിരുന്നു വിവാഹം. രണ്ട് മാസം മുമ്പ് വിദേശത്ത് പോയ റാസിഫ് രാത്രിയിൽ ഭാര്യയെ പലതവണ ഫോൺ വിളിച്ചെങ്കിലും എടുത്തില്ല.
തുടർന്ന് ഉമ്മയെ ഫോൺ വിളിച്ച് വിവരം പറഞ്ഞു. ഇവർ എത്തി വിളിച്ചിട്ടും മുറിതുറക്കുകയോ വിളികേൾക്കുകയോ ചെയ്തില്ല. ഉടൻ അടുത്തുള്ള ബന്ധുകളെ വിവരം അറിയിക്കുകയായിരുന്നു. ഇവരെത്തി ജന്നാല ചില്ല് പൊട്ടിച്ച് നോക്കിയപ്പോഴാണ് ജന്നത്ത് തൂങ്ങിനിൽക്കുന്ന് കണ്ടത്. തുടർന്ന് കടയ്ക്കൽ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പുനലൂർ ഡിവൈ.എസ്.പി, കൊട്ടാരക്കര തഹസിൽദാർ, കടയ്ക്കൽ സി.ഐ, എസ്.ഐ,ഫോറൻസിക് വിദഗ്ദ്ധർ എന്നിവരെത്തി മേൽനടപടി സ്വീകരിച്ചു. തുടർന്ന് പോസ്റ്റുമോർട്ടത്തിനായി മൃതദേഹം പാരിപ്പള്ളി മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
നാവായിക്കുളം ഡീസന്റ്മുക്ക് വൈരമല ജസീർ മൻസിലിൽ ജൗഫറിന്റെയും സജീനയുടേയും മകളാണ് ജന്നത്ത്. വിദേശത്തുള്ള സഹോദരൻ ജസീർ ബുധനാഴ്ച നാട്ടിലെത്തിയശേഷം സീസന്റ്മുക്ക് മുസ്ലീം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കും.