കൊട്ടാരക്കര : കൊട്ടാരക്കരയിൽ നടന്നുവരുന്ന അറുപത്തെട്ടാമത് ദേശീയ ബാൾ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിന് ഇന്ന് കൊടിയിറങ്ങും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള കളിക്കാരാണ് പങ്കെടുക്കുന്നത്. വീറും വാശിയുമുള്ള മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഇന്ത്യൻ റെയിൽവേയും കേരളവും തമ്മിലും തമിഴ്നാടും കർണാടകയും തമ്മിലാണ് ഇന്ന് സെമിഫൈനൽ ഏറ്റുമുട്ടുക. വനിതാവിഭാഗത്തിൽ കർണാടകയും ആന്ധ്രാപ്രദേശും തമ്മിലും തമിഴ്നാടും കേരളവും തമ്മിലും സെമി ഫൈനൽ ഏറ്റുമുട്ടും. തുടർന്ന് ഫൈനൽ മത്സരം. വൈകിട്ട് 3ന് സമാപന സമ്മേളനം മന്ത്രി അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. കെ.എസ്.ബി.ബി.എ പ്രസിഡന്റ് ടി.കെ.ഹെൻട്രി അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ എം.നൗഷാദ്, കോവൂർ കുഞ്ഞുമോൻ എന്നിവരടക്കം പങ്കെടുക്കും.