കൊല്ലം: കൊവിഡിനെ തുടർന്ന് പൂട്ടുവീണ കൊല്ലം റെയിൽവേ സ്റ്രേഷനിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് ഉടൻ തുറക്കും. പ്രീപെയ്ഡ് കേന്ദ്രത്തിലെ കൗണ്ടർ നിർമ്മിക്കാനുള്ള കരാർ നടപടികൾ നഗരസഭ പൂർത്തിയാക്കി.
കൊവിഡ് ഭീഷണി ഒഴിഞ്ഞതോടെ പല റെയിൽവേ സ്റ്റേഷനുകളിലെയും പ്രീപെയ്ഡ് ഓട്ടോ സംവിധാനം പുനരാരംഭിച്ചെങ്കിലും കൊല്ലത്ത് അതിനുള്ള നടപടിയുണ്ടായില്ല. ഓട്ടോ സ്റ്റാൻഡ് തുറക്കാത്തതിനെ സംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ താലൂക്ക് ലീഗൽ സർവീസ് അതോറിട്ടി കർശന നിലപാട് സ്വീകരിച്ചതോടെയാണ് പ്രീപെയ്ഡ് കൗണ്ടറുകൾ തുറക്കാനുള്ള നടപടികൾ വേഗത്തിലായത്.
കൗണ്ടർ നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങൾ ചെയ്തു കൊടുക്കേണ്ടത് കോർപ്പറേഷനാണ്.
വാഡനെ നിയമിക്കുന്നതും നടത്തിപ്പുമെല്ലാം ട്രാഫിക്ക് പൊലീസിന്റെ ചുമതലയാണ്.
ഇലക്ട്രിസിറ്രി അടക്കമുള്ള ചാർജുകളിൽ ഇളവുകൾ വരുത്തി മറ്ര് സൗകര്യങ്ങളുടെ കാര്യത്തിൽ റെയിൽവേയും ഉറപ്പ് നൽകിയിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക് അമിത് ചാർജ് നൽകാതെ യാത്ര ചെയ്യാമെന്നതാണ് പ്രീപെയ്ഡ് ഓട്ടോ കൗണ്ടറുകൾ കൊണ്ടുള്ള ഗുണം. മാത്രമല്ല, സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് രാത്രിയിൽ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയുമെന്നതും പ്രധാനമാണ്.
റെയിൽവേ സ്റ്രേഷന് അകത്തെ ഓട്ടോകൾ റെയിൽവേയുടെ പ്രത്യേക അനുവാദത്തോടെയാണ് നിലവിൽ സർവീസ് നടത്തുന്നത്. ഇതിനായി വർഷത്തിൽ 650 രുപ റെയിൽവേയ്ക്ക് അടയ്ക്കേണ്ടതുണ്ട്. 75ഓളം ഓട്ടോറിക്ഷകൾ ഇത്തരത്തിൽ സർവീസ് നടത്തുന്നുണ്ട്. എന്നാൽ, ഇത്തരം അനുമതി തുടർന്ന് നൽകാനാകില്ലെന്ന് റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.
ചിന്നക്കടയിൽ പുതുവർഷത്തിൽ
ചിന്നക്കടയിലെ പ്രീപെയ്ഡ് ഓട്ടോ സ്റ്റാൻഡ് പുതുവർഷാരംഭത്തോടെ തുറക്കാനാണ് സാദ്ധ്യത. കൗണ്ടറിലെ കമ്പ്യൂട്ടറിന്റെ അറ്റകുറ്റപ്പണികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലേക്കുള്ള ചാർജുകളെ സംബന്ധിച്ച ഫെയർ ചാർട്ട് കൂടി ആർ.ടി ഓഫീസിൽനിന്ന് ലഭിച്ചാലുടൻ പ്രവർത്തനം ആരംഭിക്കും.