mannu

കൊല്ലം: ദേശീയപാത വികസനത്തിനുള്ള വിവിധ അനുമതികൾ വൈകിപ്പിക്കരുതെന്ന് സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവുണ്ടായിട്ടും മണ്ണ് ഖനനത്തിനുള്ള അനുമതി ജില്ലാ ജിയോളജി വകുപ്പ് വൈകിപ്പിക്കുന്നതായി പരാതി.

ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ആറുവരി പാതയുടെ നിർമ്മാണത്തിന് 15 ലക്ഷം എം ക്യൂബ് മണ്ണ് വേണമെന്നാണ് കണക്ക്. എന്നാൽ ഇതുവരെ ഒരു ലക്ഷം മീറ്റർ ക്യൂബിനുള്ള അനുമതി പോലും ലഭിച്ചിട്ടില്ലെന്നും എൻ.എച്ച്.എ.ഐ അധികൃതർ പറയുന്നു.

രണ്ട് വശങ്ങളിലെയും സർവീസ് റോഡിന് നടുക്കായി നിലവിലുള്ളതിനേക്കാൾ ഒന്നരയടി വരെ ഉയരത്തിലാണ് പുതിയ 56 കിലോ മീറ്റർ നീളത്തിൽ ആറുവരിപ്പാത നിർമ്മിക്കുന്നത്. റോഡ് ഒന്നരയടി ഉയർത്താൻ വലിയ അളവിൽ മണ്ണ് വേണം. ഇതിന് പുറമേ ആർ.ഇ വാളുകൾക്കുള്ളിൽ മണ്ണ് നിറച്ചാണ് അണ്ടർപാസുകൾ നിർമ്മിക്കുന്നത്.

പലയിടങ്ങളിലും പുതുതായി ഏറ്റെടുത്ത ഭൂമി സമതലമാക്കാനും വലിയ അളവിൽ മണ്ണ് വേണം. ദേശീയപാത നിർമ്മാണത്തിന് നിലവിൽ കരാർ പ്രകാരമുള്ള പുരോഗതിയില്ല. മണ്ണ് ലഭിക്കാത്തത് കൊണ്ടാണ് നിർമ്മാണം ഇഴയുന്നതെന്നാണ് കരാറുകാർ ദേശീയപാത അതോറിറ്റിക്ക് നൽകിയിട്ടുള്ള വിശദീകരണം. ഖനനത്തിനുള്ള അനുമതി വൈകിപ്പിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിലെത്തിക്കാനുള്ള നീക്കത്തിലാണ് എൻ.എച്ച്.എ.ഐ അധികൃതർ.


വീണ്ടും കെ.എസ്.ഇ.ബിയുടെ പാര

ചാത്തന്നൂർ, കൊട്ടിയം സെക്ഷനുകളുടെ പരിധിയിലെ വൈദ്യുതി ലൈനുകൾ മാറ്റി സ്ഥാപിക്കൽ വീണ്ടും കെ.എസ്.ഇ.ബി തടസപ്പെടുത്തി. ഇവിടെ വൈദ്യുതി കമ്പികൾക്ക് പകരം കേബിളുകൾ സ്ഥാപിക്കണമെന്നാണ് കെ.എസ്.ഇ.ബിയുടെ നിലപാട്. കേബിൾ തങ്ങൾ തന്നെ ലഭ്യമാക്കാമെന്ന് കെ.എസ്.ഇ.ബി പറയുന്നുണ്ടെങ്കിലും അനന്തമായി നീട്ടുകയാണ്. വൈദ്യുതി പോസ്റ്റുകളും ലൈനുകളും മാറ്റി സ്ഥാപിക്കാതെ ഓട നിർമ്മാണം പോലും മുന്നോട്ടുകൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്.

പൈപ്പ് പൊട്ടൽ പതിവ്

ദേശീയ 66 വികസനത്തിന്റെ ഭാഗമായുള്ള ഓടകളുടെയും കലുങ്കുകളുടെയും നിർമ്മാണത്തിനായി മണ്ണെടുക്കുന്നതിനിടയിൽ കുടിവെള്ള പൈപ്പ് ലൈനുകൾ പൊട്ടുന്നത് വ്യാപകമാണ്. ദിവസങ്ങൾക്ക് ശേഷമാണ് പലയിടങ്ങളിലും അറ്റകുറ്റപ്പണി നടക്കുന്നത്. പൊട്ടിയ പൈപ്പുകളിൽ ചെളി നിറഞ്ഞ് ഓര് വെള്ളമാണ് വീടുകളിലെത്തുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രത്യേക ഉത്തരവുള്ളതിനാൽ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട അപേക്ഷകളിലെ നടപടികൾ വൈകിപ്പിക്കാറില്ല. വിശദാംശങ്ങൾ ചോദിക്കുകയോ അവശ്യ രേഖകൾ ആവശ്യപ്പെടുകയോ മാത്രമാണ് ചെയ്യുന്നത്.

ജില്ലാ അസി. ജിയോളജിസ്റ്റ്