കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയന്റെ നേതൃത്വത്തിലുള്ള ഒൗദ്യോഗിക ശിവഗിരി - ഗുരുകുലം തീർത്ഥാടന പദയാത്ര ഇന്നലെ പുറപ്പെട്ടു. പുലർച്ചെ 4 മണിക്ക് കരുനാഗപ്പള്ളി യൂണിയൻ ഓഫീസിന്റെ മുന്നിലുള്ള ഗുരുദേവ പ്രതിമക്ക് മുന്നിൽ നടത്തിയ പൂജക്ക് ശേഷമാണ് പദയാത്ര പുറപ്പെട്ടത്. ക്യാപ്ടൻ കെ.സുശീലനും ഡയറക്ടർ എ.സോമരാജനും പദയാത്രക്ക് നേതൃത്വം നൽകുന്നു. ഗുരുദേവൻ നിർദ്ദേശിച്ച പഞ്ചശുദ്ധി ഉൾപ്പെടെയുള്ള വ്രതാനുഷ്ഠാനങ്ങളോടെയാണ് തീർത്ഥാടകർ പദയാത്രയിൽ പങ്കെടുക്കുന്നത്. ഇന്നലെ രാവിലെ 10 മണിയോടെ ചവറയിൽ എത്തിയ പദയാത്രയ്ക്ക് ചവറ യൂണിയൻ സെക്രട്ടറി കാരയിൽ അനീഷിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. തുടർന്ന് നീണ്ടകര 483-ം നമ്പർ ശാഖയിൽ എത്തിയ പദയാത്ര വിശ്രമത്തിന് ശേഷം രാത്രിയിൽ കൊല്ലത്തെ യോഗം ഓഫീസിൽ സമാപിച്ചു.