കൊല്ലം : മോഷ്ടിച്ച സ്കൂട്ടർ ആക്രിക്കടയിൽ വിൽക്കാനുള്ള ശ്രമത്തിനിടെ 2 പേരെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. കുന്നിക്കോട് കാഞ്ഞിരത്തുംവിള വീട്ടിൽ മുഹമ്മദ് ഈസ (38), നൂറനാട് മിഅറാജ് മൻസിലിൽ അനീസ് (27) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ആവണീശ്വരത്ത് റോഡരികിൽ നിറുത്തിയിട്ടിരുന്ന ആവണീശ്വരം സ്വദേശി അനീറിന്റെ സ്കൂട്ടറിന്റെ താക്കോൽ കൈക്കലാക്കിയ ശേഷം സ്കൂട്ടറുമായി കടന്ന് കളയുകയായിരുന്നു. വാഹനങ്ങൾ പൊളിച്ച് വിൽക്കുന്ന ആദികാട്ടുകുളങ്ങരയിലെ ആക്രിക്കടയിൽ സ്കൂട്ടർ വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. പ്രതികളിൽ ഒരാളായ ഈസ മുമ്പും ലോറി മോഷ്ടിച്ച് കടത്തിയ കേസിലെ പ്രതിയാണ്. കുന്നിക്കോട് പൊലീസ് എസ്.എച്ച്.ഒ അനവറിന്റെ നേതൃത്വത്തിൽ എസ്.ഐ ഫൈസൽ, എസ്.സി.പി.ഒമാരായ ബാബുരാജ്, മധു എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.