കൊല്ലം : കശുഅണ്ടി തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് അസുഖബാധിതരായി എസ്‌ഗ്രേഷ്യ ധനസഹായം വാങ്ങി പിരിഞ്ഞവർക്ക് നൽകി വന്നിരുന്ന ക്ഷേമപെൻഷൻ ഇല്ലാതാക്കിയ ഉത്തരവ് ധനകാര്യവകുപ്പ് മന്ത്രിയും സർക്കാരും പിൻവലിക്കണമെന്ന് കേരള കശുവണ്ടി തൊഴിലാളി കോൺഗ്രസ് (ഐ.എൻ.ടി.യു.സി) ജനറൽ സെക്രട്ടറി അഡ്വ. സവിൻ സത്യൻ ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന നിർവാഹകസമിതിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വർഷങ്ങളായി നൽകി വന്നിരുന്ന പെൻഷനാണ് യാതൊരു മുന്നറിയിപ്പുമില്ലാതെ നിറുത്തലാക്കിയത്. മരുന്നിനും മറ്റ് അത്യാവശ്യങ്ങൾക്കുമായി പെൻഷൻ പ്രതീക്ഷിച്ചിരുന്ന ആയിരകണക്കിന് തൊഴിലാളികൾക്ക് നൽകിയ ഇരുട്ടടിയാണ് സർക്കാരിന്റെ നടപടിയെന്നും സവിൻ സത്യൻ പറഞ്ഞു.
യോഗത്തിൽ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് മംഗലത്ത് രാഘവൻ നായർ അദ്ധ്യക്ഷനായി. യൂണിയൻ ഭാരവാഹികളായ എസ്.സുഭാഷ്, ഷാജി നൂറനാട്, നാവായിക്കുളം നടരാജൻ, എരുവ വിജയകുമാർ, രതീഷ് കിളിത്തട്ടിൽ, ഹരിശങ്കർ, ഹരിഹരൻ, ബേബി ജോൺ, സിദ്ധാർത്ഥൻ, കൃഷ്ണപിള്ള, കൊച്ചുമ്മൻ, ഇബ്രാഹിം കുട്ടി, ചിറക്കര ശശി, വിജയരാജൻപിള്ള, ചിറക്കര പ്രകാശ്, വിനോദ് കൊറ്റങ്കര, രഘു കുന്നുവിള, ബിനു ചൂണ്ടാലിൽ, കുന്നത്തൂർ സോമൻ, സഹദേവൻപിള്ള, രാധാകൃഷ്ണപിള്ള, അമീർ ഹംസ, ഋഷികേശൻ, പ്രകാശ് വർഗീസ്, സക്കീർ ഹുസൈൻ, കെ.ബി.ഷഹാൽ, അബ്ദുൽ അസീസ്, സമദ് എന്നിവർ സംസാരിച്ചു.